05 September, 2020 01:48:41 PM
ഒരു കോവിഡ് വാക്സിനും പൂർണമായും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടില്ല - ലോകാരോഗ്യ സംഘടന
ജനീവ: ഇതുവരെ വികസിപ്പിച്ചെടുത്ത ഒരു കോവിഡ് വാക്സിനും പൂർണമായും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. 2021 പകുതിയോടെയല്ലാതെ വാക്സിൻ വ്യാപകമായി വിതരണം ചെയ്യാനുള്ള സാധ്യത ഇല്ലെന്ന് സംഘടന വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു.
ലോകാരോഗ്യസംഘടന ആവശ്യപ്പെടുന്ന 50 ശതമാനം ഫലപ്രാപ്തി തെളിയിക്കാൻ ക്ലിനിക്കൽ പരീക്ഷണത്തിൽ മുന്നിലുള്ള ഒരു വാക്സിനുമായിട്ടില്ലെന്നാണ് വിവരം. റഷ്യ വികസിപ്പിച്ച വാക്സിൻ രണ്ട് മാസത്തെ ക്ലിനിക്കൽ പരീക്ഷണത്തിനുശേഷം വിതരണം ചെയ്യുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് മാർഗരറ്റ് ഹാരിസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒക്ടോബർ ആദ്യം കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ചെയ്യുമെന്ന് അമേരിക്കൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഫൈസർ കന്പനിയും വ്യക്തമാക്കിയിരുന്നു. എന്നാൽ, അടുത്ത വർഷം പകുതിയോടെയല്ലാതെ വാക്സിന്റെ വ്യാപകമായ വിതരണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നല്ലെന്നാണ് മാർഗരറ്റ് ഹാരിസിന്റെ വിശദീകരണം.