06 August, 2020 12:27:39 PM
24 മണിക്കൂറില്‍ 50,000 രോഗികള്‍: മരണം 40,000 കടന്നു; കോവിഡ് ബാധിതര്‍ 20 ലക്ഷത്തിലേക്ക്
ദില്ലി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40,000 കടന്നു. കഴിഞ്ഞ ദിവസം 904 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോവിഡ് മരണങ്ങള്‍ 40,699 ആയി ഉയര്‍ന്നു. പ്രതിദിന രോഗബാധയുടെ കണക്കുകള്‍ കൂടുന്ന സാഹചര്യത്തില്‍ രോഗികളുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 19,64,536 ആയി. നിലവില്‍ 5,95,501 പേര്‍ ചികിത്സയില്‍ കഴിയുമ്പോള്‍ 13,28,336 പേര്‍ രോഗമുക്തരായി.
രാജ്യത്ത് 24 മണിക്കൂറിനിടെ 56,282 പുതിയ കോവിഡ് രോഗികളാണ് ഉണ്ടായത്. ഒറ്റദിവസം കൊണ്ട് 904 മരണങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. മരണങ്ങളില്‍ പകുതിയും 60 ന് മുകളില്‍ പ്രായമുള്ളവരാണ്. മഹാരാഷ്ട്ര, ന്യൂഡല്‍ഹി, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത്. പ്രതിദിന രോഗബാധയില്‍ 10,309 പേരുമായി മഹാരാഷ്ട്രയാണ് മുന്നില്‍. 10,128 എന്ന കണക്കില്‍ ആന്ധ്രാപ്രദേശ് രണ്ടാമതും 5,619 എന്ന കണക്കില്‍ കര്‍ണാടക മൂന്നാമതും നില്‍ക്കുന്നു. അതേസമയം തമിഴ്‌നാട്ടില്‍ പ്രതിദിന വര്‍ദ്ധന 5,175 ആണ്.
രാജ്യത്തെ മൊത്തം കോവിഡ് ബാധിതരില്‍ 80 ശതമാനവും പത്ത് സംസ്ഥാനങ്ങളില്‍ നിന്നുമാണ്. ഇന്നലെ മാത്രം 6,64,949 ടെസ്റ്റുകളാണ് നടത്തിയതെന്ന് ഐസിഎംആര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഓഗസ്റ്റ് അഞ്ച് വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 2,21,49,351 കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. ലോകത്തുടനീളമായി 18 ദശലക്ഷമാണ് രോഗികളുടെ എണ്ണം. മരണം 7 ലക്ഷവുമായി.