25 July, 2020 10:59:18 PM
പോയത് വിനോദയാത്രക്ക്, മടങ്ങിയത് മോഷ്ടാക്കളായി: ഏഴംഗസംഘം പിടിയില്‍
പാലാ: വിനോദയാത്രയ്ക്ക് പോയി മടങ്ങുംവഴി കടകള്‍ കുത്തിതുറന്ന് മൊബൈലുകളും അനുബന്ധസാമഗ്രികളും മോഷ്ടിച്ച സംഘം പോലീസ് പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരുള്‍പ്പെടെ ഏഴ് പേരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ മംഗലം കലുങ്ക് എല്‌ളുംകുന്നേല്‍ ഹരീഷ് മനു (19), വിഷ്ണു മനു (20), കര്‍പ്പൂരത്തില്‍ കെ.യദുകൃഷ്ണന്‍ (അനിയന്‍കുട്ടന്‍-20), കല്ലേശിരില്‍ മഠം കെ.എം പ്രിയന്‍ (19), വടക്കേനടയില്‍ ഗൗരിശങ്കര്‍ (18) എന്നിവരാണ് അറസ്റ്റിലായത്.
ജൂണ്‍ 13നായിരുന്നു സംഭവം. വാഗമണില്‍ വിനോദയാത്രയ്ക്ക് പോയി മടങ്ങുംവഴിയാണ് സംഘം ഈരാറ്റുപേട്ടയിലെ ആലിഫ് മൊബൈല്‍, പാലായിലെ അമല്‍വ്യു മൊബൈല്‍സ് എന്നീ കടകളില്‍ മോഷണം നടത്തിയത്. ഷട്ടറിന്റെ പൂട്ട് തല്ലിതകര്‍ത്ത് അകത്തുകടന്ന സംഘം മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തിലധികം രൂപയുടെ സാമഗ്രികള്‍ മോഷ്ടിച്ചു. മൊബൈലുകളില്‍ ഒന്ന് മറുനാടന്‍ തൊഴിലാളിക്ക് വിറ്റു. മൊബൈല്‍ വാങ്ങിയ തൊഴിലാളിയെ കണ്ടെത്തിയ പോലീസ് ഇയാളിലൂടെയാണ് യുവാക്കളില്‍ എത്തിചേര്‍ന്നത്.
പാലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ് ജോസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ സിദ്ദിഖ് അബ്ദുള്‍ ഖാദര്‍, ഹാഷിം കെ.എച്ച്, തോമസ് സേവ്യര്‍, ഷാജി കുര്യാക്കോസ്, സിപിഓ ഷെറിന്‍ മാത്യു സ്റ്റീഫന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.