24 July, 2020 06:12:14 PM


സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ്: 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ്. 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 968 പേര്‍ക്ക് ഇന്ന് രോഗമുക്തി. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേരുടെ ഉറവിടം വ്യക്തമല്ല.


വിദേശത്തുനിന്ന് വന്ന 64 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 68 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് നാലുമരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് ചിറയിന്‍കീഴ് സ്വദേശി മുരുകന്‍, കാസര്‍കോട് അണങ്കൂര്‍ സ്വദേശി ഹയറുന്നീസ, കാസര്‍കോട് ചിത്താരി സ്വദേശി മാധവന്‍, ആലപ്പുഴ കലവൂര്‍ സ്വദേശി മറിയാമ്മ എന്നിവരുടെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.


ഇന്നു പോസിറ്റീവ് ആയവര്‍ ജില്ല തിരിച്ചുള്ള കണക്ക്:


തിരുവനന്തപുരം- 167, കൊല്ലം-133, പത്തനംതിട്ട-23, ഇടുക്കി-29, കോട്ടയം-50, ആലപ്പുഴ-44, എറണാകുളം-69, തൃശൂര്‍-33, പാലക്കാട്-58, മലപ്പുറം-58, കോഴിക്കോട്-82, വയനാട്-15, കണ്ണൂര്‍-18, കാസര്‍കോട്- 106.


ഇന്ന് നെഗറ്റീവ് ആയവര്‍:


തിരുവനന്തപുരം 101, കൊല്ലം 54, പത്തനംതിട്ട 81, ഇടുക്കി 96, കോട്ടയം 74, ആലപ്പുഴ 49, എറണാകുളം 151, തൃശൂർ 12, പാലക്കാട് 63, മലപ്പുറം 24, കോഴിക്കോട് 66, വയനാട് 21, കണ്ണൂർ 108, കാസർഗോഡ് 68.


സംസ്ഥാനത്ത് 1,56,767 പേരാണ് നിരീക്ഷണത്തിലുള്ളത്. 9297 പേർ ആശുപത്രികളിലാണ്. ഇന്ന് 1346 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ ചികിത്സയിലുള്ളവർ 9371 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 25,160 സാംപിളുകൾ പരിശോധിച്ചു. ഇതുവരെ ആകെ 3,38,038 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 9185 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിൽ 1,09,635 സാംപിളുകൾ ശേഖരിച്ചു. 1,05,433 സാംപിളുകൾ നെഗറ്റീവ് ആയി. ഹോട്സ്പോട്ടുകൾ 453.


പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം കുറഞ്ഞെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സാഹചര്യം കൂടുതൽ ജാഗ്രത ആവശ്യപ്പെടുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ പൂന്തുറ, പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപള്ളി എന്നിങ്ങനെ 5 ലാർജ് ക്ലസ്റ്ററുകൾ നിലവിലുണ്ട്. ഇവിടങ്ങളിൽ രോഗം കുറയുന്ന സാധ്യത കാണുന്നില്ല. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് ക്ലസ്റ്ററുകളുടെ സമീപ മേഖലയിലേക്കു രോഗം പകരുന്ന സാഹചര്യം നിലവിലുണ്ട്.


തിരുവനന്തപുരം ജില്ലയിൽ 17 എഫ്എൽടിസികളിൽ 2103 കിടക്കകൾ സജ്ജമായി. 18 എഫ്എൽടിസികള്‍ ഉടൻ സജ്ജമാകും. ഇവിടെ 1817 കിടക്കകളുണ്ടാകും. പുല്ലുവിളയിൽ കഴിഞ്ഞ 10 ദിവസത്തിനിടെ 671 പരിശോധനകൾ നടത്തി. അതിൽ 288 പോസിറ്റീവ് ആയി. 42.92 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവ് റേറ്റ്. പൂന്തുറയിൽ ജൂലൈ 20ന് 54 സാംപിളുകൾ ശേഖരിച്ചു, 18 പോസിറ്റീവ്. ജൂലൈ 21ന് 64 സാംപിളുകൾ ശേഖരിച്ചു,15 പോസിറ്റീവ്. ജൂലൈ 22ന് 55 സാംപിളുകളെടുത്തു, 22 പോസിറ്റീവ്, 23ന് 49 സാംപിളുകൾ ശേഖരിച്ചു, 14 പോസിറ്റീവ്.


പുല്ലുവിളയിൽ ജൂലൈ 20ന് 50 സാംപിളുകൾ, 11 പോസിറ്റീവ്. ജൂലൈ 21ന് 46 സാംപിൾ ശേഖരിച്ചു, 22 പോസിറ്റീവ്. ജൂലൈ 22ന് 48 സാംപിൾ, 22 പോസിറ്റീവ്, 23ന് 36 സാംപിളുകൾ, 8 പോസിറ്റീവ്. രോഗവ്യാപന തോത് കുറയുന്നുണ്ട്. എന്നാലും നിയന്ത്രണങ്ങളിൽ ഇളവ് വരുത്താറായിട്ടില്ല. കൊല്ലത്ത് 33 കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലായി 4850 കിടക്കകൾ സജ്ജീകരിച്ചു. 3624 കിടക്കകളുള്ള 31 കേന്ദ്രങ്ങൾ ഒരാഴ്ചയിൽ തയാറാകും. അതോടെ 64 സിഎഫ്എൽടിസികളിൽ ആകെ കിടക്കകൾ 8474 ആകും.


പത്തനംതിട്ട കുമ്പഴ ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററാണ്. സമ്പർക്കം വഴി 205 പേർക്കു ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച 1078 പേര്‍ക്കും ബുധനാഴ്ച 1038 പേര്‍ക്കുമാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് നിയന്ത്രണാതീതമായി വ്യാപിക്കുകയാണെങ്കില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K