24 July, 2020 10:47:14 AM
നയതന്ത്ര ബാഗേജിലെത്തിച്ച സ്വർണം തമിഴ്നാട്ടിലേക്കും മഹാരാഷ്ട്രിലേക്കും കടത്തിയെന്ന്
കൊച്ചി: നയതന്ത്രബാഗേജ് വഴിയെത്തിച്ചിരുന്ന സ്വർണം തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കും മഹാരാഷ്ട്രയിലെ സാംഗ്‌ളിയിലേക്കും കടത്തിയെന്നു വെളിപ്പെടുത്തല്‍. കസ്റ്റംസ് കസ്റ്റഡിയിലുള്ള റമീസിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. നയതന്ത്രബാഗേജില്‍ അവസാനമെത്തിയ 30 കിലോ സ്വര്‍ണം പിടികൂടിയെന്ന വാർത്ത വന്നതിനിനു പിന്നാലെയാണ് നേരത്തേ കേരളത്തിൽ എത്തിച്ച സ്വർണം തമിഴ്നാട്ടിലേക്കും മഹാരാഷ്ടയിലേക്കു റോഡു മാർഗം കടത്തിയത്. ഇവ സ്വര്‍ണവ്യാപാരികള്‍ക്ക് വിറ്റെന്നാണ് മൊഴി.
തിരുവനന്തപുരത്തെ പഞ്ച നക്ഷത്ര ഹോട്ടലിലെ കോഫീഷോപ്പിലിരുന്ന് നടത്തിയ ചര്‍ച്ചയിലാണ് നയതന്ത്രബാഗേജ് വഴി സ്വര്‍ണം കടത്താൻ തീരുമാനിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻ.ഐ.എ വ്യാഴാഴ്ച ചോദ്യം ചെയ്തു. പേരൂർക്കട പൊലീസ് ക്ലബിൽ അഞ്ചു മണിക്കൂറാണ് ചോദ്യം ചെയ്തത്.
പ്രതികളുമായുളള ശിവശങ്കറിന്റെ ബന്ധങ്ങളാണ് ചോദ്യംചെയ്യലിൽ ഉയർന്നത്. സ്വർണക്കടത്തുകാരുമായി സ്വപ്നയ്ക്കുള്ള ബന്ധം തിരിച്ചറിയാനായില്ലെന്നാണ് ശിവശങ്കർ അന്വേഷണ സംഘത്തോട് പറഞ്ഞത്. ഫോൺ രേഖകളും പ്രതികളുടെ വീടുകളിൽനിന്നു പിടിച്ചെടുത്ത രേഖകളും അടിസ്ഥാനമാക്കിയായിരുന്നു ചോദ്യംചെയ്യൽ. സ്വർണം കസ്റ്റംസ് തടഞ്ഞുവച്ച് 2 ദിവസത്തിനുള്ളിൽ സ്വപ്ന ശിവശങ്കറിനോടു സഹായം തേടിയതിനുള്ള തെളിവ് എൻഐഎയ്ക്ക് ലഭിച്ചിരുന്നു. ശിവശങ്കർ സഹായം ചെയ്തോയെന്നും സഹായത്തിനു മറ്റാരെയെങ്കിലും നിയോഗിച്ചോയെന്നും അന്വേഷണസംഘം ചോദിച്ചെന്നാണ് വിവരം.