18 July, 2020 01:07:11 PM
ഇന്ത്യയിൽ കോവിഡ് ബാധിതർ ഒരു ദശലക്ഷം; ലോകത്ത് മൂന്നാം സ്ഥാനത്ത്
ദില്ലി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടു. അമേരിക്കയ്ക്കും ബ്രസീലിനും പിന്നിലായി ഏറ്റവും കൂടുതൽ കോവിഡ‍് ബാധിതരുള്ള രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 36,247 പുതിയ കേസുകളാണ് ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 1,004,652 ആയി. 690 മരണങ്ങളും ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇതുവരെ 25,594 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ.
രാജ്യത്തെ കോവിഡ് ബാധിതരിലുണ്ടായ വർധനവ്: മെയ് 18 - 1 ലക്ഷം, ജൂൺ 2 - 2 ലക്ഷം, ജൂൺ 12 - 3 ലക്ഷം, ജൂൺ 20 - 4 ലക്ഷം, ജൂൺ 26 - 5 ലക്ഷം, ജൂലൈ 1 - 6 ലക്ഷം, ജൂലൈ 6 - 7 ലക്ഷം, ജൂലൈ 10 - 8 ലക്ഷം, ജൂലൈ 13 - 9 ലക്ഷം, ജൂലൈ 16 - 9.68 ലക്ഷം
അതേസമയം, ഇന്ത്യയിൽ കോവിഡ് ഇനിയും രൂക്ഷമാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഒരു മാസത്തിനുള്ളിൽ രോഗികളുടെ എണ്ണം രണ്ട് ദശലക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. ഗ്രാമങ്ങളിലും ഉൾപ്രദേശങ്ങളിലും കൂടുതൽ ശ്രദ്ധവേണമെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു. അതേസമയം, ലോകത്തെമ്പാടുമായി കോവിഡ് ബാധിതരുടെ എണ്ണം 1 കോടി 39 ലക്ഷം കടന്നു. 5 ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തിലധികമാണ് മരണം. ബ്രസീലിൽ രോഗബാധിതർ 20 ലക്ഷം പിന്നിട്ടു.