18 July, 2020 12:45:27 PM
സ്വർണക്കടത്ത്: ഫൈസൽ ഫരീദിനെതിരെ ഇന്‍റർ പോളിന്‍റെ ലുക്ക്ഔട്ട് നോട്ടീസ്
കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസൽ ഫരിദിനെതിരെ ഇന്‍റർപോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമാണ് നടപടി. ഇതോടെ ഏത് വിമാനത്താവളം വഴി കടന്നാലും ഫൈസലിനെ പിടികൂടാനാകും. നിലവിൽ ഫൈസൽ ദുബായിൽ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇയാളെ നാട് കടത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം യുഎഇ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ഇയാളുടെ പാസ്പോർട്ടും ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെ ഇയാൾ ഒളിവിൽ പോയെന്നാണ് വിവരം.
ഫൈസലിന്റെ തൃശ്ശൂരിലെ വീട്ടിൽ കസ്റ്റംസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ബന്ധുക്കളിൽ നിന്നും താക്കോൽ സംഘടിപ്പിച്ചാണ് ഉദ്യോഗസ്ഥർ വീട്ടിനുള്ളിൽ പ്രവേശിച്ചത്. ഇവിടെ നിന്നും മൂന്ന് ബാങ്ക് പാസ് ബുക്കുകളും ലാപ്ടോപ്പും പിടിച്ചെടുത്തു. ഈ ബാങ്കുകളിൽ ഫൈസലിന് ലോക്കർ ഉണ്ടോയെന്ന് പരിശോധിക്കും. ഫൈസലാണ് യുഎഇയിലെ സ്വർണ്ണക്കടത്തിന്റെ പ്രധാനകണ്ണിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഒരു സുഹൃത്ത് വഴി ബന്ധപ്പെട്ട് ഇയാളെവിടെയാണെന്നും കസ്റ്റംസ് മനസിലാക്കി. ഇതിന് പിന്നാലെ സ്വർണ്ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ കേസ് നൽകുമെന്നും വ്യക്തമാക്കി ഫൈസൽ മാധ്യമങ്ങൾക്കു മുന്നിലെത്തിയിരുന്നു. എന്നാൽ പിന്നീട് ഒളിവിൽ പോകുകയായിരുന്നു.