13 July, 2020 10:18:40 PM


അയ്യന്തോള്‍ ഫ്‌ളാറ്റ് കൊലക്കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ 3 പേര്‍ക്ക്‌ ജീവപര്യന്തം



തൃശൂര്‍: കോളിളക്കം സൃഷ്ടിച്ച അയ്യന്തോള്‍ പഞ്ചിക്കല്‍ പിനാക്കിള്‍ ഫ്‌ളാറ്റ് കൊലപാതക കേസില്‍ മൂന്നുപേര്‍ക്ക്‌ ജീവപര്യന്തം കഠിനതടവ്‌. ഷൊര്‍ണൂര്‍ ലതാനിവാസില്‍ ബാലസുബ്രഹ്മണ്യന്റെ മകന്‍ സതീശനെ കൊലപ്പെടുത്തിയ കേസിലാണ്‌ യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന വി എ റഷീദുള്‍പ്പെടെയുള്ളവര്‍ക്ക്‌ ജീവപര്യന്തം കഠിനതടവ് വിധിച്ചത്‌. 2016 മാര്‍ച്ച്‌ മൂന്നിനാണ് കൊലപാതകം.


ഒന്നാംപ്രതി കൊടകര വാസുപുരം മാങ്ങാറില്‍ വീട്ടില്‍ കൃഷ്ണപ്രസാദ്, രണ്ടാംപ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ വാസുപുരം വെട്ടിക്കല്‍ റഷീദ്, മൂന്നാംപ്രതി റഷീദിന്റെ കാമുകി തൈക്കാട് വല്ലിശേരി വീട്ടില്‍ ശാശ്വതി എന്നിവര്‍ക്കാണ് ജീവപര്യന്തം വിധിച്ചത്. മൂന്നുപ്രതികളും കൂടി 9,25,000 രൂപ പിഴയടയ്‌ക്കണം. ഈ തുക കൊല്ലപ്പെട്ട സതീശന്റെ കുടുംബത്തിന്‌ നഷ്ടപരിഹാരമായി നല്‍കണം. മൂന്നുമാസത്തിനകം തുക നല്‍കിയില്ലെങ്കില്‍ പ്രതികളുടെ സ്വത്തുക്കളില്‍നിന്നും വസൂലാക്കല്‍ നടപടി സ്വീകരിക്കാനും തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി കെ ആര്‍ മധുകുമാര്‍ ഉത്തരവിട്ടു.


നാലാംപ്രതി ഡ്രൈവര്‍ രതീഷിന്‌ ഒന്നരവര്‍ഷവും എട്ടാംപ്രതി സുജീഷിന്‌ ഒരുവര്‍ഷവും തടവ്‌ വിധിച്ചു. കേസില്‍ പ്രതിയായിരുന്ന കെപിസിസി മുന്‍ സെക്രട്ടറി എം.ആര്‍ രാമദാസിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. ജോലി തേടിയെത്തിയ ഷൊര്‍ണൂര്‍ ലതാനിവാസില്‍ ബാലസുബ്രഹ്മണ്യന്റെ മകന്‍ സതീശനെ (32) ആണ് ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് പ്രതികള്‍ കൊലപ്പെടുത്തിയത്. കേസിലെ രണ്ടാം പ്രതി റഷീദിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തെക്കുറിച്ചുള്ള വിവരം പുറത്താകാതിരിക്കാനായി റഷീദും കാമുകി ശാശ്വതിയും സുഹൃത്ത് കൃഷ്ണപ്രസാദും ചേര്‍ന്ന് സതീശനെ കൊലപ്പെടുത്തുകയായിരുന്നു.


കൊലപാതകത്തിനു ശേഷം ഇവര്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കിയയെന്നതാണ് രതീഷ്, സുജീഷ് എന്നിവര്‍ക്കെതിരെയുള്ള കുറ്റം. തൃശൂര്‍ എസിപിയും വെസ്റ്റ് സിഐയുമായിരുന്ന വി.കെ രാജുവാണ് കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്. 2017 ഡിസംബറില്‍ കേസിന്റെ വിസ്താരം ആരംഭിച്ചു. പിന്നീട് ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കേസില്‍ ഇടവേളയുണ്ടായി. സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 2018 ഡിസംബറിലാണ് പിന്നീട് വിചാരണ തുടങ്ങിയത്. 72 സാക്ഷികളെ കേസില്‍ വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.വിനു വര്‍ഗീസ്, കാച്ചപ്പിള്ളി, അഭിഭാഷകരായ സജി ഫ്രാന്‍സിസ് ചുങ്കത്ത്, ജോഷി പുതുശേരി എന്നിവര്‍ ഹാജരായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K