10 July, 2020 10:23:14 PM
താഴത്തങ്ങാടിയില്‍ കൊല്ലപ്പെട്ട ഷീബയുടെ ഭര്‍ത്താവ് മുഹമ്മദ് സാലിയും മരിച്ചു
കോട്ടയം: കോട്ടയം താഴത്തങ്ങാടിയില്‍ മോഷണത്തിനിടെ ഉണ്ടായ ആക്രമത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് സാലി (65)യും മരിച്ചു. കഴിഞ്ഞ മാസം ഒന്നിനായിരുന്നു സാലി(65)യും ഭാര്യ ഷീബ(60)യും വീടിനുള്ളില്‍ ആക്രമിക്കപ്പെട്ടത്. സംഭവ ദിവസം തന്നെ ഷീബ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ അറസ്റ്റിലായ സമീപവാസി താഴത്തങ്ങാടി പാറപ്പാടം വേളൂർ കരയിൽ മാലിയിൽ പറമ്പിൽ വീട്ടിൽ മുഹമ്മദ് ബിലാല്‍ (23) റിമാന്‍ഡിലാണ്.
40 ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് മുഹമ്മദ് സാലിക്ക് ജീവന്‍ നഷ്ടമായത്. ടീപ്പോയ് ഉപയോഗിച്ച് തലയ്ക്കടിച്ചും, കൈകാലുകള്‍ ബന്ധിച്ച് വൈദ്യുതാഘാതം ഏല്‍പ്പിക്കാന്‍ ശ്രമിച്ചുമായിരുന്നു അയല്‍വാസിയായ മുഹമ്മദ് ബിലാല്‍ സാലിയെയും ഭാര്യ ഷീബയെയും അക്രമിച്ചത്. ഷീബയുടെ ആഭരണങ്ങളും, കിടപ്പ് മുറിയില്‍ സൂക്ഷിച്ചിരുന്ന പണവും, കാറും ബിലാല്‍ മോഷ്ടിച്ചു.
തെളിവ് നശിപ്പിക്കാന്‍ പാചകവാതക സിലിണ്ടര്‍ തുറന്നുവിട്ട് വീട് പുറത്തുനിന്ന് പൂട്ടിയായിരുന്നു ബിലാല്‍ രക്ഷപെട്ടത്. കാറിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ബിലാല്‍ പിടിയിലായത്. ഗുരുതരമായി പരുക്കേറ്റ ഷീബ സംഭവ ദിവസം തന്നെ കൊല്ലപ്പെട്ടിരുന്നു. ഏറെ ദിവസം തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററില്‍ കഴിഞ്ഞ സാലിക്ക് ഹൃദയാഘാതം ഉള്‍പ്പെടെ സംഭവിച്ചു. ജീവിതത്തിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയായിരുന്നു മരണം.
ചോദ്യം ചെയ്യലിനിടെ മുഹമ്മദ് ബിലാല്‍ കുറ്റസമ്മതം നടത്തിയിരുന്നു. തെളിവെടുപ്പിനിടെ മോഷണംപോയ സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തി. റിമാന്‍ഡില്‍ കഴിയുന്ന ബിലാലിന് മാനസിക രോഗം ഉണ്ടായിരുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ കോട്ടയം മജിസ്‌ട്രേറ്റ് കോടതി രണ്ട് ഉത്തരവിട്ടു. പ്രതിഭാഗം അഭിഭാഷകന് ബിലാലിനെ സന്ദര്‍ശിക്കാനും അനുമതി നല്‍കി. ഇതിന് പിന്നാലെയാണ് സംഭവം ഇരട്ട കൊലപാതക കേസായി മാറിയത്. സാലിയുടെ ഖബറടക്കം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കോട്ടയം താജ് ജുമാമസ്ജിദില്‍ നടക്കും.