06 July, 2020 10:28:05 PM


കോവിഡ് പ്രതിരോധം: കൊല്ലത്ത് ഒന്‍പത് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ കൂടി



കൊല്ലം: കോവിഡ് പ്രതിരോധ  പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഒന്‍പത് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ കൂടി തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസര്‍. പ്രതിരോധ ചികിത്സ സംവിധാനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലയിലെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും സംയുക്തമായി ചേര്‍ന്ന് ഒന്‍പത് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ കൂടി തുടങ്ങുന്നത്.


ജില്ലയില്‍ വാളകം മേഴ്‌സി ഹോസ്പിറ്റലാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി  പ്രവര്‍ത്തിച്ച് വരുന്നത്.  ഇത് കൂടാതെയാണ് ഒന്‍പത് എണ്ണം കൂടി പ്രവര്‍ത്തനം ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചത്. ട്രാവന്‍കൂര്‍ മെഡിക്കല്‍  കോളേജ് (മെഡിസിറ്റി), മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജ് (നഴ്‌സിംഗ് സ്‌കൂള്‍ ഹോസ്റ്റല്‍), നെടുമ്പന സാമൂഹിക ആരോഗ്യ കേന്ദ്രം (പഴയ ടി ബി ഹോസ്പിറ്റല്‍),  പത്തനാപുരം (വിളക്കുടി) ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റല്‍, ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം, പൊതുമരാമത്ത് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍, നായേഴ്‌സ് ഹോസ്പിറ്റല്‍ (പ്രത്യേക ബ്ലോക്ക്), ബിഷപ്പ് ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലായാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍  ആരംഭിക്കുക.


ഇതില്‍ ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ്, അസീസിയ മെഡിക്കല്‍ കോളേജ്,  നെടുമ്പന സാമൂഹ്യ ആരോഗ്യ കേന്ദ്രം, ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ജൂലൈ 15നകം കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങള്‍ പൂര്‍ത്തിയാകും. ചികിത്സാ കേന്ദ്രങ്ങള്‍ തയ്യാറാക്കുന്നതിന് നോഡല്‍ ഓഫീസര്‍ എം എ റഹിം(ഡെപ്യൂട്ടി കലകടര്‍), ഡോ സി ആര്‍ ജയശങ്കര്‍(ഡെപ്യൂട്ടി ഡി എം ഒ) എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.


വിദേശങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരില്‍ വീടുകളില്‍ ക്വാറന്റയിനില്‍ കഴിയാന്‍ സൗകര്യം ഇല്ലാത്തവര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സൗജന്യ ക്വാറന്റയിന്‍ ഒരുക്കും. ഇതിന്റെ ഭാഗമായി ഓരോ പഞ്ചായത്തിലും 50 വീതവും, മുനിസിപ്പാലിറ്റികളില്‍ 200 വീതവും, കൊല്ലം കോര്‍പ്പറേഷനില്‍ 500 ഉം കിടക്കകളുള്ള കെട്ടിടങ്ങള്‍ തയ്യാറാക്കുന്നതിനും സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡുമായി ബന്ധപ്പെട്ട് എല്ലാ പഞ്ചായത്തിലെയും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ റവന്യൂ, ആരോഗ്യം, പോലീസ് വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ ആഴ്ചയില്‍ ഒരിക്കല്‍ വിളിച്ചു ചേര്‍ക്കാനും നിര്‍ദ്ദേശം നല്‍കി.


പഞ്ചായത്തുകളില്‍ എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരും വില്ലേജ് ഓഫീസറും, പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസറും, മുനിസിപ്പാലിറ്റികളില്‍ ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരും  ഡെപ്യൂട്ടി തഹസില്‍ദാര്‍മാരും, താലൂക്കാശുപത്രി സൂപ്രണ്ടും,  കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് കമ്മീഷണര്‍, തഹസില്‍ദാര്‍, ഡെപ്യൂട്ടി ഡി എം ഒ എന്നിവരുടെ നേരിട്ടുള്ള  മേല്‍നോട്ടത്തില്‍ ആയിരിക്കണം യോഗം വിളിച്ചു ചേര്‍ക്കേണ്ടതും സ്ഥിതിഗതികള്‍ വിലയിരുത്തേണ്ടതെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K