06 July, 2020 08:44:56 PM


ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു; സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കളക്ടര്‍ റിപ്പോര്‍ട്ട് തേടി



കോട്ടയം: സ്വകാര്യ ആശുപത്രികളില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതു സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. രണ്ടു ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അടച്ച പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ നേരത്തെ ചികിത്സ തേടിയിരുന്ന യുവതിയെയാണ് ചികിത്സിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ വിസമ്മതിച്ചത്.


ഒന്‍പതു മാസം ഗര്‍ഭിണിയായ യുവതി രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ആശുപത്രി അടച്ച സാഹചര്യത്തില്‍ തുടര്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കും വേണ്ടിയാണ് ആദ്യം കാഞ്ഞിരപ്പള്ളിയിലെയും തുടര്‍ന്ന് പൊന്‍കുന്നത്തെയും സ്വകാര്യ ആശുപത്രികളില്‍ ഇന്നലെ(ജൂലൈ 6) എത്തിയത്. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച ആശുപത്രിയില്‍ ചികിത്സിച്ചിരുന്നതിനാല്‍ പരിഗണിക്കാനാവില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്ന് യുവതി പറഞ്ഞു. 


തുടര്‍ന്ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിയ യുവതി പ്രാഥമിക പരിശോധനകള്‍ക്ക് വിധേയയാവുകയും  കോവിഡ് പരിശോധനയ്ക്കായി സാമ്പിള്‍ നല്‍കുകയും ചെയ്തശേഷം വീട്ടിലേക്ക് മടങ്ങി. അടിസ്ഥാനമില്ലാത്ത കാരണങ്ങളുടെ പേരില്‍ ചികിത്സ നിഷേധിക്കുന്നത് കുറ്റകരമാണെന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K