02 July, 2020 05:38:49 PM


പുകവലിക്കുന്നവര്‍ക്ക് കൊറോണ വരാനുള്ള സാധ്യത കൂടുതല്‍ - ലോകാരോഗ്യസംഘടന



ജനീവ: പുകവലിക്കുന്നവര്‍ക്ക് കൊറോണ വരാനുള്ള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യസംഘടന. കോവിഡ് 19 ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ പുകവലി സ്വഭാവമുള്ള രോഗികള്‍ക്ക് മരണസാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, അപകടസാധ്യത എത്രത്തോളം വലുതാണെന്ന് പറയാനും കഴിയില്ല. പുകവലിയും കോവിഡ് 19 രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ പ്രസിദ്ധീകരിക്കപ്പെട്ട 34 പഠനങ്ങളെ അവലോകനം ചെയ്ത് യുഎന്‍ തയ്യാറാക്കിയ കുറിപ്പിലാണ് ഇക്കാര്യമുള്ളത്. 


അണുബാധയുടെ സാധ്യത, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്, രോഗത്തിന്‍റെ തീവ്രത, മരണം എന്നീ കാര്യങ്ങള്‍ കുറിപ്പില്‍ ചര്‍ച്ച ചെയ്യുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ 18% പേര്‍ പുകവലിക്കാരാണ്. രോഗികള്‍ പുകവലിക്കുന്നുണ്ടോ ഇല്ലയോ എന്നതും അവര്‍ അനുഭവിക്കുന്ന രോഗത്തിന്റെ തീവ്രതയും ആശുപത്രിയില്‍ നിന്നുള്ള ഇടപെടലുംരോഗിയുടെ മരണസാധ്യതയും തമ്മില്‍ ബന്ധമുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.


പുകവലിക്കാര്‍ക്ക് കോവിഡ് 19 പിടിപെടാനുള്ള സാധ്യത കുറവാണെന്ന് വ്യക്തമാക്കി ഏപ്രിലില്‍ ഫ്രഞ്ച് ഗവേഷകര്‍ ഒരു പഠനം പുറത്തുവിട്ടിരുന്നു. രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിക്കോട്ടിന്‍ കഷണങ്ങള്‍ നല്‍കി പരീക്ഷിക്കാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍, ഇതിനെ ശാസ്ത്രമേഖലയില്‍ തന്നെ പലരും ചോദ്യം ചെയ്തിരുന്നു. അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ രോഗത്തിന്റെ തീവ്രതയും പുകവലിയും തമ്മില്‍ ബന്ധമുണ്ടെന്നും അതിനാല്‍ പുകവലിക്കാര്‍ അത് ഉപേക്ഷിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K