02 July, 2020 12:48:33 PM


കസ്റ്റഡി കൊലപാതകം: പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് പടക്കം പൊട്ടിച്ചാഘോഷിച്ച് ജനങ്ങൾ



ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതകക്കേസിൽ പ്രതികളായ പൊലീസുകാരുടെ അറസ്റ്റ് പടക്കം പൊട്ടിച്ച് ആഘോഷിച്ച് ജനങ്ങൾ. പൊലീസുകാരുടെ അതിക്രൂര മർദ്ദനമേറ്റ് കൊല്ലപ്പെട്ട ജയരാജ് മകൻ ബെനിക്സ് എന്നിവരുടെ നാടായ സാത്തങ്കുളത്താണ് ആഘോഷങ്ങൾ നടന്നത്. കസ്റ്റഡി മർദ്ദനത്തിന് നേതൃത്വം കൊടുത്ത സബ് ഇൻസ്പെക്ടർ രഘു ഗണേശ്, കോൺസ്റ്റബിളുമാരായ മുത്തുരാജ്, മുരുഗൻ എന്നിവരുൾപ്പെടെ അഞ്ച് പേരെയാണ് സിബിസിഐഡി അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.


പൊലീസിന്‍റെ അതിക്രൂര പീഡനത്തിനിരയായി അച്ഛനും മകനും കൊല്ലപ്പെട്ട സംഭവം രാജ്യമൊട്ടാകെ വിമർശനം ഉയർത്തിയ സാഹചര്യത്തിൽ കൂടിയാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ജൂൺ 19നാണ് ജയരാജിനെയും മകൻ ബെനിക്സിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.ലോക്ക്ഡൗണ്‍ ഇളവ് സമയം കഴിഞ്ഞിട്ടും കടകൾ തുറന്നു എന്ന കാരണത്താലായിരുന്നു നടപടി. ആദ്യം ജയരാജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്, ഇത് അന്വേഷിച്ച് ചെന്നതോടെയാണ് ബെനിക്സും കസ്റ്റഡയിലാകുന്നത്. തുടർന്ന് ഇരുവരെയും കോവിൽപട്ടി സബ്ജയിലിലേക്ക് മാറ്റിയിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജൂൺ 23ന് മരണത്തിന് കീഴടങ്ങി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K