01 July, 2020 06:57:33 PM
കോവിഡ് 19: എം.ജി.യുടെ തലപ്പാടി കേന്ദ്രത്തിൽ പരിശോധിച്ചത് 13000 സാമ്പിളുകൾ
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ തലപ്പാടി അന്തർ സർവകലാശാല സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് ആന്റ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ വൈറസ് റിസർച്ച് സെന്ററിൽ കോവിഡ് 19 സ്ഥിരീകരിക്കുന്നതിനായി പരിശോധിച്ചത് 13000 സാമ്പിളുകൾ. മാർച്ച് 27 മുതലാണ് പരിശോധനകൾ തുടങ്ങിയത്. ഇടുക്കി, കോട്ടയം ജില്ലകളിലെ രോഗികളുടെ സ്രവ സാമ്പിൾ പരിശോധനയാണ് ക്യു-ആർ.ടി.പി.സി.ആർ. ടെസ്റ്റിലൂടെ നടത്തുന്നത്.
ദിവസം 475 സാമ്പിളുകളാണ് ലാബിൽ പരിശോധിക്കുന്നത്. ഇടുക്കിയിൽ നിന്നുള്ള സാമ്പിളുകളും കോട്ടയത്തെ ചങ്ങനാശേരി, വൈക്കം, പാലാ, കാഞ്ഞിരപ്പള്ളി, കോട്ടയം ജില്ലാ ജനറൽ ആശുപത്രി, ഗവൺമെന്റ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പിളുകൾ റിസർച്ച് അസോസിയേറ്റുകളുടെയും ലാബ് ടെക്‌നീഷ്യന്മാരുടെയും ഗവേഷക വിദ്യാർഥികളുടെയും നേതൃത്വത്തിലാണ് പരിശോധിക്കുന്നത്.
റിസർച്ച് സെന്ററിലെ ജീവനക്കാർക്ക് പുറമെ 14 ലാബ് ജീവനക്കാരെക്കൂടി സംസ്ഥാന സർക്കാർ ആരോഗ്യകേരളം പദ്ധതിയിലൂടെ അനുവദിച്ചിട്ടുണ്ട്. 10 ലാബ് ജീവനക്കാരുടെകൂടി സേവനം ലഭ്യമായാൽ ദിവസം ശരാശരി 600 സ്രവ സാമ്പിളുകൾ വരെ പരിശോധിച്ച് 24 മണിക്കൂറിനുള്ളിൽ ഫലം നൽകാൻ കഴിയുമെന്ന് ഡയറക്ടർ ഡോ. കെ.പി. മോഹനകുമാർ പറഞ്ഞു.