29 June, 2020 06:12:25 PM
നഗ്നതാ പ്രദര്‍ശനം; രഹ്നയുടെ മുന്‍കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി
കൊച്ചി: കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച കേസില്‍ രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി. ജാമ്യാപേക്ഷ ഹൈകോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ബി.ജെ.പി നേതാവ് നല്‍കിയ പരാതിയില്‍ തിരുവല്ല പൊലീസ് കേസെടുത്തതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നാണ് ജാമ്യാപേക്ഷയിൽ രഹന പറയുന്നത്.
എഫ്.ഐ.ആര്‍ ന്‍റെ പകര്‍പ്പ് കിട്ടിയിട്ടില്ലെങ്കിലും അറസ്റ്റിന് സാധ്യതയുണ്ടെന്നും തടയണമെന്നുമാണ് ആവശ്യം. നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐ.ടി. ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടിയെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പു പ്രകാരവുമാണ് കേസെടുത്തിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. പൊലീസിന്റെ സൈബര്‍ വിഭാഗവും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.