28 June, 2020 06:34:31 PM


ഡോക്ടേഴ്സ് ദിനത്തിൽ 'സഹന'സമരവുമായി സർക്കാർ ഡോക്ടർമാര്‍



തിരുവനന്തപുരം: കോവിഡ് കാലത്ത് വീണ്ടും സഹന സമരവുമായി ഡോക്ടർമാർ. ഡോക്ടേഴ്സ് ദിനമായ ജൂലൈ 1 ന് ഒരു മണിക്കൂർ അധിക ഡ്യൂട്ടി ചെയ്താണ് സർക്കാർ ഡോക്ടർമാരുടെ പ്രതിഷേധം. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഡോക്ടേഴ്സ് ദിനം സഹനദിനമായി കെജിഎംഒഎ ആചരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രധാന ആശുപത്രിയിൽ 10 പേർ ഒന്നിച്ച് പ്രതിഷേധവും നടത്തും. 


സാലറി ചലഞ്ചിൽ നിന്ന് ആരോഗ്യ പ്രവർത്തകരെ ഒഴിവാക്കുക, മൂന്ന് മാസമായി തുടർച്ചയായി ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് അധിക ഡ്യൂട്ടിയ്ക്ക് ഇൻസന്റീവ് അനുവദിക്കുക, ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ വിശ്രമം അനുവദിക്കുക, കാരുണ്യ അടക്കമുള്ള പദ്ധതികളുടെ ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
കൂടാതെ രോഗികൾക്ക് അനുബന്ധമായി അവശ്യമായ ഡോക്ടർമാരെയും  മറ്റ് ജീവനക്കാരെയും നിയമിക്കുക. സർക്കാർ ആശുപത്രികളിൽ അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്ന മെഡിക്കൽ ഓഫീസർമാർക്ക് പകരം അവധി അനുവദിക്കുക തുടങ്ങി ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്. ചികിത്സയെ ബാധിക്കാത്ത രീതിയിലാകും പ്രതിഷേധം. നേരത്തെ സാലറി ചലഞ്ചിനെതിരെയും കെജിഎംഒഎ പ്രതിഷേധിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K