14 June, 2020 10:10:03 AM


ലിനി റോബോട്ട് നഴ്സ് റഡി; നിയമനം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ



ആലപ്പുഴ: കോവിഡ് ബാധിതരെ പരിചരിക്കാനായി സ്റ്റാർട്ടപ്പ് കമ്പിനി രൂപകൽപന ചെയ്ത 'ലിനി റോബോട്ട്' തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഉടൻ സേവനം തുടങ്ങും. ആലപ്പുഴ സ്വദേശി ഇർഫാൻ മുഹമ്മദ് ഹാരിസിന്റെ (26) നേതൃത്വത്തിലുള്ള 'ഡെയ്കിബ' എന്ന സ്റ്റാർട്ടപ് സംരംഭമാണ് റോബോട്ടിന്റെ രൂപകൽപനയ്ക്കു പിന്നിൽ. പരീക്ഷണം വിജയമായതിനു പിന്നാലെയാണ് സ്ഥിരസേവനത്തിന് 'ലിനി'യെ നിയമിക്കാൻ ആരോഗ്യ വകുപ്പ് നടപടി തുടങ്ങിയത്.


നിപ്പ വാർഡിൽ ജോലി ചെയ്യുന്നതിനിടെ രോഗം ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ പേരാണ് റോബോട്ടിനു നൽകിയത്. ഇന്റർനെറ്റ് ഇല്ലാതെ തന്നെ മൊബൈൽ ഫോൺ ഉപയോഗിച്ച് റോബോട്ടിനെ പ്രവർത്തിപ്പിക്കാനാകും. 30 കിലോഗ്രാം വരെ ഭാരം വഹിക്കാവുന്ന റോബോട്ട് നിർമിത ബുദ്ധി ഉപയോഗിച്ചു പ്രവർത്തിപ്പിക്കാവുന്ന വിധം പരിഷ്കരിച്ചുകൊണ്ട‍ിരിക്കുകയാണ്. ഡോക്ടർമാർക്കു  രോഗികളുടെ പൾസ് പരിശോധിച്ചു റിപ്പോർട്ട് നൽകാനും റോബോ‌ട്ടിൽ സംവിധാനമുണ്ട്. 360 ഡിഗ്രി ക്യാമറയാണ് റോബോട്ടിലുള്ളത്. രോഗികൾക്ക് ആവശ്യമുള്ളപ്പോൾ റോബോട്ടിനെ വിളിക്കാനാകും. രോഗികൾക്ക് ആവശ്യമായ ഭക്ഷണവും മരുന്നും എത്തിക്കാനും കഴിയുമെന്നും ഇർഫാൻ പറയുന്നു. 


പുതിയ രോഗികൾ വരുമ്പോൾ അവരുടെ വിവരങ്ങൾ ചേർക്കാൻ കഴിയുന്നവിധം റോബോട്ട് പരിഷ്കരിക്കുന്ന ജോലികളിലാണ് ഇർഫാനും സംഘവും. ഈ റോബോട്ടിനെ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്നതിന് കേരള സ്റ്റേറ്റ് ഐടി മിഷനും കേരള  സ്റ്റാ‍ർട്ടപ് മിഷനും റിപ്പോർട്ട് നൽകിയിട്ടുണ്ട്. അനുമതി ലഭിച്ച‍ാൽ ആശുപത്രികൾക്കായി കുറഞ്ഞ ചെലവിൽ റോബോട്ട് നിർമിച്ചു നൽകാൻ കഴിയുമെന്ന് ഇർഫാൻ പറയുന്നു. എ.എൻ.ആഷിക്, പി.എച്ച്.അക്ഷയ്, ഗൗതം എസ്.ബാബു, വിവേക് വിജയ്, വിഷ്ണു ജ്യോതി, മുഹമ്മദ് ഷാൻ എന്നിവരാണ് റോബോട്ട് നിർമ്മാണത്തിൽ ഇർഫാനൊപ്പം പ്രവർത്തിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K