13 June, 2020 06:23:23 PM
ചാർട്ടേർഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് ടെസ്റ്റ്: നിബന്ധന ഒഴിവാക്കുന്നു
തിരുവനന്തപുരം: ഗൾഫ് ഉൾപ്പടെ വിദേശരാജ്യങ്ങളിൽനിന്ന് നിന്നു വരുന്ന ചാര്‍ട്ടേഡ് വിമാനങ്ങളിലെ യാത്രക്കാർ കോവിഡ് ടെസ്റ്റിന് വിധേയമാകണമെന്ന നിബന്ധന സംസ്ഥാന സർക്കാർ ഒഴിവാക്കുന്നു. സർക്കാരിന്‍റെ ഉത്തരവിനെതിരെ പ്രവാസികളും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കോവിഡ് ടെസ്റ്റ് വേണമെന്ന നിബന്ധന ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം വിമാനയാത്രയ്ക്കു മുന്‍പ് ആന്റിബോഡി ടെസ്റ്റിന് വിധേയമാകണമെന്ന നിബന്ധന സർക്കാർ മുന്നോട്ടുവെക്കുന്നുണ്ട്.
ജൂൺ 20 മുതല്‍ ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ഇളങ്കോവനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ ഫലം നെഗറ്റീവായവർക്ക് മാത്രമായിരിക്കും യാത്രാനുമതി എന്നതാണ് സംസ്ഥാനം മുന്നോട്ടുവെച്ച നിർദേശം. വിദേശത്തുനിന്ന് എത്തുന്നവരിൽ കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്തതോടെയാണ് ഇത്തരമൊരു നിബന്ധന സർക്കാർ മുന്നോട്ടുവെച്ചത്. ജൂൺ 20 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും അറിയിച്ചിരുന്നു. എന്നാൽ വിവാദമായതോടെ പിൻവലിക്കുകയായിരുന്നു.
ജോലി നഷ്ടപ്പെട്ടും, വിസാ കാലാവധി അവസാനിച്ചതുമായ യാത്രക്കാർക്ക് മുൻഗണന നൽകിയാണ് ചാർട്ടേർഡ് വിമാനങ്ങളിൽ വിവിധ സംഘടനകൾ മലയാളികളെ കൊണ്ടുവരുന്നത്. അതുകൊണ്ടുതന്നെ കോവിഡ് പരിശോധന നടത്തുന്നതിനുള്ള സാമ്പത്തിക ചെലവ് പ്രവാസികൾക്ക് ബുദ്ധിമുട്ടാകുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. സൗദി പോലെയുള്ള രാജ്യങ്ങളിൽ കോവിഡ് പരിശോധനാ ഫലം ലഭിക്കാന്‍ 8 ദിവസം വരെ എടുക്കാറുണ്ട്. ഈ സാഹചര്യത്തില്‍ 48 മണിക്കൂറിനുള്ളില്‍ ലഭിച്ച പരിശോധന ഫലം എന്ന സർക്കാർ നിബന്ധന അപ്രായോഗികമാണെന്നും ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് ഉൾപ്പടെയുള്ള വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു.