11 June, 2020 06:46:12 PM
കേരളത്തിൽ ഇന്ന് 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; ഒരു മരണം
തിരുവനന്തപുരം: കേരളത്തില്‍ 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്. ഇന്ന് 62 പേർ രോഗമുക്തി നേടി. ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി പി.കെ. മുഹമ്മദ് ആണ് മരിച്ചത്. അദ്ദേഹത്തിന് ഗുരുതരമായ കരള്‍ രോഗം ബാധിച്ചിരുന്നു. ഇന്നലെയാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം ബാധിച്ചവരില്‍ 27 പേർ വിദേശത്ത് നിന്ന് എത്തിയതാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് 37 പേർ. സമ്പർക്കം മൂലം 14 പേർക്ക് രോഗം. അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. തൃശൂരിൽ സമ്പർക്കം മൂലം രോഗം വന്നവരിൽ 4 പേർ കോർപറേഷൻ ശുചീകരണ തൊഴിലാളികളാണ്. 4 പേർ വെയർ ഹൗസിൽ ഹെഡ് ലോഡിങ് തൊഴിലാളികളാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് രോഗബാധ സ്ഥിരീകരിച്ചവർ– മഹാരാഷ്ട്ര 20, ഡൽഹി– 7. തമിഴ്നാട്– 4, കർണാടക 4, ബംഗാൾ– 1, മധ്യപ്രദേശ്1 ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.
തൃശൂർ 25, പാലക്കാട് 13, മലപ്പുറം 10, കാസർഗോഡ് 10, കൊല്ലം 8, കണ്ണൂർ 7, പത്തനംതിട്ട 5, കോട്ടയം 2, എറണാകുളം 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കോവിഡ് ബാധിതര്‍.