08 June, 2020 06:12:22 PM
ആശങ്ക ഒഴിയാതെ കേരളം: ഇന്ന് 91 പേർക്കുകൂടി കോവിഡ്; മരണം 17 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് 91 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 27 പേർ തൃശൂർ ജില്ലയിലാണ്. മലപ്പുറം ജില്ലയിൽ നിന്നുള്ള 14 പേർക്കും, കോഴിക്കോട് ജില്ലയിൽ 13 പേർക്കും, കാസർഗോഡ് ജില്ലയിൽ 8 പേർക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിൽ 5 പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ 4 പേർക്കും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ 3 പേർക്ക് വീതവും, വയനാട് ജില്ലയിൽ 2 പേർക്കും, പാലക്കാട് ജില്ലയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരികരിച്ച് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41) മരണമടഞ്ഞു. ഇതോടെ 17 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. മാലിദ്വീപിൽ നിന്നെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസവുമുണ്ടായിരുന്നു.
ഇതിൽ 73 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (യുഎഇ-42, കുവൈറ്റ്-15, ഒമാൻ-5, റഷ്യ-4, നൈജീരിയ-3, സൗദി അറേബ്യ-2, ഇറ്റലി-1, ജോർദാൻ-1) 15 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-6, തമിഴ്നാട്-6, ഡൽഹി-2, കർണാടക-1) വന്നതാണ്. തൃശൂർ ജില്ലയിലെ ഒരാൾക്ക് സന്പർക്കത്തിലൂടെ രോഗം ബാധിച്ചു. തൃശൂർ ജില്ലയിലെ രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.
രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 11 പേരുടെ പരിശോധനാഫലം നെഗറ്റീവായി. കാസർഗോഡ് ജില്ലയിൽ നിന്നുള്ള അഞ്ചു പേരുടെയും, പാലക്കാട്, വയനാട്, കണ്ണൂർ (കാസർഗോഡ് സ്വദേശികൾ) ജില്ലകളിൽ നിന്നുള്ള രണ്ടു പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവായത്. 1174 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 814 പേർ കോവിഡ് മുക്തരായി.