04 June, 2020 05:56:50 PM
കേരളത്തില്‍ മൂന്ന് കോവിഡ് മരണം കൂടി; ഇന്ന് രോഗം സ്ഥിരീകരിച്ചത് 94 പേര്‍ക്ക്
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു. ഒപ്പം മരണസംഖ്യയും. ഇന്ന് മൂന്ന് പേരാണ് കോവിഡ് മൂലം മരിച്ചത്. 94 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 39 പേര്‍ രോഗമുക്തരായി. പ്രതിദിന കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതാണ് ഇക്കാര്യം. സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇതോടെ 14 ആയി.
ചെന്നൈയിൽനിന്ന് നാട്ടിലെത്തിയ പാലക്കാട് സ്വദേശി മീനാക്ഷി അമ്മ, അബുദാബിയിൽനിന്ന് എത്തിയ എടപ്പാൾ സ്വദേശി ഷബ്നാസ്, കൊല്ലം ജില്ലയിലെ കാവനാട് സ്വദേശി സേവ്യർ (65) എന്നിവരാണ് മരിച്ചത്. ഷബ്നാസ് രക്താർബുദ ചികിൽസയിൽ ആയിരുന്നു. സേവ്യർ മരിച്ച ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. രണ്ട് തവണ പരിശോധിച്ചാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേരുടെയും വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട - 14, കാസർകോട് - 12, കൊല്ലം - 11, കോഴിക്കോട് - 10, ആലപ്പുഴ - 8, മലപ്പുറം - 8, പാലക്കാട് - 7, കണ്ണൂര്‍ - 6, കോട്ടയം - 5, തിരുവനന്തപുരം - 5, തൃശൂർ - 4, എറണാകുളം - 2, വയനാട് - 2. ഇടുക്കി ഒഴികെ കേരളത്തിലെ 13 ജില്ലകളിലും ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. 39 പേരാണ് ഇന്ന് കോവിഡ് മുക്തരായത്. പാലക്കാട് - 13, മലപ്പുറം - 8, കണ്ണൂർ - 7, കോഴിക്കോട് - 5, തൃശൂർ, വയനാട് - 2 വീതം. തിരുവനന്തപുരം, പത്തനംതിട്ട - 1 വീതം.