23 May, 2020 05:15:11 PM


സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്ക്



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേർക്കും കണ്ണൂർ ജില്ല യിലെ 16 പേർക്കും മലപ്പുറം ജില്ലയിലെ 8 പേർക്കും ആലപ്പുഴ ജില്ലയിലെ 5 പേർക്കും കോഴിക്കോട്, കാസർഗോഡ് ജില്ലയിലെ 4 പേർക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേർക്കും കോട്ടയം ജില്ലയിലെ 2 പേർക്കും വയനാട് ജില്ലയിലെ ഒരാൾക്കുമാണ് രോഗം ബാധിച്ചത്.


ഇതിൽ 18 പേർ വിദേശത്ത് നിന്ന് വന്നവരും (യു.എ.ഇ.9, സൗദി അറേബ്യ3, കുവൈറ്റ്2, മാലി ദ്വീപ്1, സിങ്കപ്പൂർ1, മസ്‌കറ്റ്1, ഖത്തർ1) 31 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് (മഹാരാഷ്ട്ര13, തമിഴ്‌നാട്12, ഗുജറാത്ത്2, കർണാടക2, ഉത്തർപ്രദേശ്1, ഡൽഹി1) വന്നവരുമാണ്. 13 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 7 പേർ ആരോഗ്യ പ്രവർത്തകരാണ്. ഇവരിൽ 3 പേർ പാലക്കാട് ജില്ലയിലുള്ളവരും 2 പേർ വീതം കണ്ണൂർ, കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കൊല്ലം, കോട്ടയം, കാസർഗോഡ് ജില്ലകളിൽ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 275 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 515 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
എയർപോർട്ട് വഴി 7303 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 76,608 പേരും റെയിൽവേ വഴി 3108 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 88,640 പേരാണ് എത്തിയത്.


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 91,084 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 90,416 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 668 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 182 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 52,771 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 51,045 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 7672 സാമ്പിളുകൾ ശേഖരിച്ചതിൽ 7147 സാമ്പിളുകൾ നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2026 സാമ്പിളുകളാണ് പരിശോധിച്ചത്.


ഇന്ന് 9 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂർ ജില്ലയിലെ ചിറയ്ക്കൽ, മാലൂർ, കണ്ണൂർ കോർപറേഷൻ, പയ്യന്നൂർ മുൻസിപ്പാലിറ്റി, ചെമ്പിലോട്, അയ്യൻകുന്ന്, കോട്ടയം മലബാർ, കോട്ടയം ജില്ലയിലെ കോരുത്തോട് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. നിലവിൽ ആകെ 37 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K