22 May, 2020 04:57:10 PM


കോട്ടയം ജില്ലയില്‍ രണ്ടു പേര്‍ക്ക് കൂടി കോവിഡ്; ആകെ രോഗബാധിതര്‍ എട്ട്




കോട്ടയം: ജില്ലയില്‍ ഇന്ന് രണ്ടു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മുംബൈയില്‍നിന്ന് വന്ന വെള്ളാവൂര്‍ സ്വദേശിയുടെയും(32) അബുദാബിയില്‍നിന്ന്  എത്തിയ മേലുകാവ് സ്വദേശിയുടെയും(25) സാമ്പിള്‍ പരിശോധനാ ഫലമാണ് പോസിറ്റിവായത്.


മുംബൈയില്‍നിന്നും മെയ് 19ന് കാറില്‍ എത്തിയ യുവാവ് വീട്ടില്‍ ക്വാറന്‍റയിനിലായിരുന്നു. മെയ് 18ന് അബുദാബി-കൊച്ചി വിമാനത്തില്‍ എത്തിയ മേലുകാവ് സ്വദേശി ഗാന്ധിനഗറിലെ കോവിഡ് കെയര്‍ സെന്‍ററില്‍ ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ്-19 ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി.

നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് 10 പേര്‍ വീടുകളിലേക്ക് മടങ്ങി


ജില്ലയില്‍ നിരീക്ഷണ കേന്ദ്രത്തില്‍ ആദ്യമായി പ്രവേശിപ്പിക്കപ്പെട്ട പത്തു പേര്‍ ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കി ഇന്നലെ(മെയ് 22)  വീടുകളിലേക്ക് മടങ്ങി. മെയ് ഏഴിന്  കോതനല്ലൂരിലെ നിരീക്ഷണ കേന്ദ്രത്തില്‍ താമസിച്ചു തുടങ്ങിയ ഇവരില്‍ ഏഴു പേര്‍ വിദേശത്തുനിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നരാണ്. 


ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കിയ ഒന്‍പതു പേരെക്കൂടി ഇന്ന്(മെയ് 23) ഇവിടെനിന്നും വീടുകളിലേക്ക് അയയ്ക്കും. ജില്ലാ ഭരണകൂടം സജ്ജീകരിച്ച 46 ക്വാറന്‍റയിന്‍ കേന്ദ്രങ്ങളിലായി 708 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 251 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്ന് വന്നവരും 457 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരുമാണ്.


ചൂണ്ടച്ചേരിയിലെ സെന്‍റ് അല്‍ഫോന്‍സ ബോയ്സ് ഹോസ്റ്റലിലാണ് നിലവില്‍ ഏറ്റവുമധികം പേര്‍ താമസിക്കുന്നത്. ഇവിടെ 52 പേരാണുള്ളത്. തെങ്ങണ ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂളില്‍ 46 പേരും കോതനല്ലൂര്‍ തൂവാനിസയില്‍ 41 പേരുമുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K