21 May, 2020 08:10:14 AM


'അമ്മയുടെ വൃക്ക സ്വീകരിച്ചിട്ട് 17 വര്‍ഷം': ഡോക്ടര്‍ക്കും 'മാലാഖ'മാര്‍ക്കും നന്ദി അറിയിച്ച് യുവാവ്



ആലപ്പുഴ: 2003ല്‍ തന്നെ മരണത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ പ്രിയപ്പെട്ട അമ്മയ്ക്കും കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ.ജയകുമാറിനും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം യുവാവ് എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധേയമാകുകയാണ്. തന്നെ മരണത്തിന് വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ ജീവന്‍ പകുത്ത് നല്‍കിയ അമ്മയെ കുറിച്ച് ഓര്‍ക്കുന്നത് അക്കൗണ്ടന്‍റും ഐസിഐസി ബാങ്കിലെ സീനിയര്‍ സെയില്‍സ് ഓഫീസറുമായ ആലപ്പുഴ സ്വദേശി നോര്‍ബര്‍ട്ട്  ടി വര്‍ഗീസാണ്.


'അമ്മയുടെ വൃക്ക ഞാൻ വാങ്ങിച്ചിട്ട് ഇന്നേക്ക് 17 വർഷം..' എന്ന് വെളിപ്പെടുത്തികൊണ്ടാണ് മത്സ്യതൊഴിലാളി ആലപ്പുഴ വാടക്കൽ തൈപ്പറമ്പിൽ വർഗീസിന്റെയും ലൂസിയുടെയും രണ്ട് മക്കളിൽ ഇളയവനായ നോര്‍ബര്‍ട്ട് ഏതാനും ദിവസം മുമ്പ് തന്‍റെ ഫേസ്ബുക്ക് പേജില്‍ എഴുതിയത്. അമ്മയോടും അച്ഛനോടും ഒപ്പം എടുത്ത സെല്‍ഫി ചിത്രം സഹിതം കുറിച്ച കുറിപ്പില്‍ തന്നെ മെഡിക്കല്‍ കോളേജില്‍ ചികിത്സിക്കുകയും കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്ത ഡോ.കെ.പി.ജയകുമാറിനും മറ്റ് ഡോക്ടര്‍മാര്‍ക്കും മാലാഖമാരായി ഒപ്പമുണ്ടായിരുന്ന നഴ്സുമാര്‍ക്കും നോര്‍ബര്‍ട്ട് നന്ദി അറിയിക്കുന്നു.


കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളും നെഫ്രോളജി വിഭാഗം തലവനുമായ ഡോ.കെ.പി.ജയകുമാര്‍ 2003ലെ ആ സംഭവം ഓര്‍ത്തെടുക്കുന്നു. "എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു പാവം കുട്ടി. പിതാവ് എഫ് സി ഐ തൊഴിലാളി. കിഡ്നി മാറ്റിവെക്കാതെ ജീവന്‍ നിലനിര്‍ത്താനാവില്ലെന്ന് കണ്ടതോടെ അമ്മ ഒരു കിഡ്നി നല്‍കി. ഒപ്പം ഒട്ടേറെ നല്ല ആളുകള്‍ സാമ്പത്തികമായും അല്ലാതെയും സഹായിച്ചതുകൊണ്ട് വിജയകരമായി ശസ്ത്രക്രിയയും മറ്റ് ചികിത്സാചെലവുകളും നടന്നു. ഇപ്പോള്‍ എറണാകുളത്ത് അക്കൗണ്ടന്‍റായി ജോലി ചെയ്യുന്ന ഇയാള്‍ 3 വര്‍ഷം മുമ്പ് വിവാഹിതനായി. ഭാര്യയും രണ്ട് വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടെ കുടുംബാംഗങ്ങളോടൊപ്പം സന്തോ‍ഷമായി ജീവിക്കുന്നു." 



വൃക്കരോഗവും ചോർന്നൊലിക്കുന്ന വീട്ടിലെ കഷ്ടപ്പാടുകളൂം അതിജീവിച്ച് ബാങ്ക് ഉദ്യോഗസ്ഥനിലേക്കുള്ള നോർബർട്ടിന്റെ പടവുകൾ അതിജീവനത്തിന്റെ സാക്ഷ്യപത്രമാണ്. 2003 മെയ് 19ന് നടന്ന ശസ്ത്രക്രീയ മെഡിക്കൽ കോളേജിന്റെ ചരിത്രത്തിൽ പുതിയ ഏട് കൂടിയായിരുന്നു. ശസ്ത്രക്രീയ നടത്തിയ ഡോ.ജയകുമാർ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു എന്നത് തന്നെ. വൃക്ക നൽകാൻ തയ്യാറായപ്പോൾ ചിലർ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ആ അമ്മയുടെ നിശ്ചയദാർഡ്യമാണ് നോർബർട്ടിനെ ഇന്നി നിലയിൽ എത്തിച്ചത്. ആഷ്ലിയാണ് ഭാര്യ. 2 വയസുള്ള നേഹ മകളാണ്.


തന്‍റെ ജീവിതം മാറ്റിമറിച്ച സംഭവത്തെ കുറിച്ച് നോര്‍ബര്‍ട്ട് ടി വര്‍ഗീസ് കുറിച്ചത് ഇങ്ങനെ.


"അമ്മയുടെ വൃക്ക ഞാൻ വാങ്ങിച്ചിട്ട് ഇന്നേക്ക് 17 വർഷം.. അത്രയ്ക്ക് പരിചിതമല്ലാത്ത ഓപ്പറേഷൻ വിജയകരമായി പൂർത്തിയായപ്പോഴും ഉള്ളിൽ ഭയം ഉണ്ടായിരുന്നു, എത്ര കാലം?? എന്ന ഒരു ചോദ്യവും മനസ്സിൽ അലട്ടി എന്നതാണ് സത്യം.. പക്ഷെ ഓരോ വർഷം കഴിയുന്തോറും ഇത്രേം ഉള്ളു ഇതൊക്കെ എന്ന ചിന്ത വന്നു തുടങ്ങി കാരണം വേറൊന്നുമല്ല, മനുഷ്യന് ഒരു വൃക്ക ധാരാളം.. 
എന്തായാലും തിരിഞ്ഞു നോക്കുമ്പോൾ ഒരുപാട് വേദനയോടെ കടന്നു പോയ നിമിഷങ്ങൾ, മരണം മുന്നിൽ കണ്ട് പകച്ചു നിന്നിരുന്ന സമയം, എല്ലാം അവസാനിച്ചു, ഇന്ന് ജീവിതം സന്തോഷത്തോടെ മുന്നേറുന്നു, ഒരു ജീവിത പങ്കാളിയും, ഒരു കുസൃതി കുഞ്ഞും, കൂടി കടന്നു വന്നിരിക്കുന്നു.. 
Dr.ജയകുമാർ, Dr.ഉഷ, Dr.മോഹൻ കുമാർ, Dr.റോണി 
പിന്നെ എന്നെ സ്വന്തം കൂടെ പിറപ്പിനെ പോലെ നോക്കിയ മാലാഖമാരും, 
ഒരു അപകടം അറിഞ്ഞ നിമിഷത്തിൽ ഡോക്ടറെ വിളിക്കാൻ ഓടി മറിഞ്ഞു വീണ സുഷമ സിസ്റ്ററും, ഭക്ഷണം വാരി തന്ന ശോഭ സിസ്റ്ററും, കാല് തടകികൊണ്ട് "ഇത്രത്തോളം യഹോവ എന്നെ സഹായിച്ചു "എന്ന പാട്ട് പാടി തന്ന പേര് ഓർമയില്ലാത്ത സിസ്റ്ററും, പ്രണയത്തെ കുറിച്ച് പറഞ്ഞു തന്ന ഗംഗ സിസ്റ്ററും, നീ പോവേണ്ടടാ എന്നു വിഷമത്തോടെ പറഞ്ഞ സീമ സിസ്റ്ററും, പടം വരപ്പിച്ചു എന്നെ പ്രോത്സാഹിപ്പിച്ച ശ്രീദേവി സിസ്റ്ററും,, ആരെയും മറക്കാൻ സാധിക്കുന്നില്ല, 

എല്ലാ പ്രാർത്ഥനകൾക്കും, സഹായങ്ങൾക്കും, എല്ലാവരോടും കടപ്പെട്ടിരിക്കുന്നു."



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K