19 May, 2020 05:12:53 PM


കേരളത്തിൽ ഇന്ന് 12 പേര്‍ക്ക് കൊവിഡ്; എല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർ




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ 5, മലപ്പുറത്ത് 3, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. വിദേശത്ത് നിന്ന് നാലു പേരും മറ്റുള്ളവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. അതില്‍ ആറ് പേര്‍ മഹാരാഷ്ട്രയില്‍നിന്നാണ്. 


ചൊവ്വാഴ്ച ആരുടെയും പരിശോധനാഫലം നെഗറ്റീവായില്ല. ഇതോടെ 142 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 497 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 72,000 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 71,545 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 455 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 119 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 46,958 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 45,527 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.


സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 5630 സാമ്പിളുകൾ ശേഖരിച്ചതിൽ 5340 സാമ്പിളുകൾ നെഗറ്റീവ് ആയി. ഇത്തരത്തിൽ നടത്തിയ പരിശോധനയിൽ നാലു പേർക്ക് മാത്രമാണ് രോഗം കണ്ടെത്തിയത്. കോവിഡ് 19ന്റെ സാമൂഹ്യവ്യാപനം സംഭവിച്ചിട്ടില്ലെന്നാണ് ഇത് നൽകുന്ന സൂചന.  എന്നാൽ സാമൂഹ്യവ്യാപനത്തെ കരുതിയിരിക്കേണ്ടതുണ്ട്.


പുതുതായി നാലു പ്രദേശങ്ങളെക്കൂടി ഹോട്ട് സ്‌പോട്ടിലുൾപ്പെടുത്തി.  കോട്ടയം ജില്ലയിലെ കോരുത്തോട്, കണ്ണൂർ ജില്ലയിലെ പാനൂർ മുൻസിപ്പാലിറ്റി, ചൊക്ലി, മയ്യിൽ പഞ്ചായത്തുകൾ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ഇതോടെ സംസ്ഥാനത്ത് ആകെ 33 ഹോട്ട് സ്‌പോട്ടുകളായി. സാമൂഹ്യ അകലം, മാസ്‌ക്ക് ഉപയോഗിക്കൽ, കൈകഴുകൽ എന്നിവയിലൂടെ ബ്രേക്ക് ദ ചെയിനും ക്വാറന്റിനും നടപ്പാക്കുന്നതിൽ നാം ഏറെ മുന്നേറിയതായി മുഖ്യമന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K