24 January, 2020 12:18:02 PM
മലയാളി നഴ്സിന് ബാധിച്ചത് മെർസ്; കൊറോണ റിപ്പോർട്ട് തള്ളി സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ നഴ്സിനു കൊറോണ ബാധിച്ചെന്ന റിപ്പോർട്ട് തള്ളി സൗദി ആരോഗ്യ മന്ത്രാലയം. ചൈനയിൽ 25 പേരുടെ മരണത്തിന് ഇടയാക്കിയ വൈറസ് ഇതുവരെ രാജ്യത്ത് റിപ്പോർട്ടു ചെയ്തിട്ടില്ലെന്നു സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ട്വിറ്ററിൽ അറിയിച്ചു. മലയാളി നഴ്സിനു ബാധിച്ചത് മിഡിൽ ഈസ് റസ്പിറേറ്ററി സിൻഡ്രോം (മെർസ്) ആണെന്നും ഇതു നിയന്ത്രണവിധേയമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ചൈനയിലെ വുഹാനിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസല്ല മലയാളി നഴ്സിനെ ബാധിച്ചതെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും നേരത്തെ ട്വിറ്ററിൽ അറിയിച്ചിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് മലയാളി നഴ്സിന് കൊറോണ വൈറസ് ബാധിച്ചതായി ഔദ്യോഗിക സ്ഥിരീകരണമായത്. നഴ്സിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.