24 January, 2020 01:18:14 AM
സൗദിയിൽ മലയാളി നഴ്സിൽ കണ്ടെത്തിയത് ചൈനയിൽ ബാധിച്ച തരത്തിലുള്ള കൊറോണ വൈറസ് അല്ലെന്ന്
റിയാദ്: സൗദി അറേബ്യയിൽ കോറോണ വൈറസ് ബാധ സ്ഥിരീകരിച്ച മലയാളി നഴ്സിൽ കണ്ടെത്തിയത് ചൈനയിൽ ബാധിച്ച തരത്തിലുള്ള കൊറോണ വൈറസ് അല്ല. 2012-ൽ സൗദിയിൽ റിപ്പോർട്ട് ചെയ്തതിനു സമാനമായ കൊറോണ വൈറസാണ് നഴ്സിൽ കണ്ടെത്തിയിരിക്കുന്നതെന്ന് സയന്റഫിക് റീജണൽ ഇൻഫെക്ഷൻ കമ്മിറ്റി സ്ഥിരീകരിച്ചു. യുവതിയുടെ നില മെച്ചപ്പെടുന്നതായും കമ്മിറ്റി അറിയിച്ചു.
കേരളത്തിൽ നിന്നുള്ള മലയാളി നഴ്സിന് സൗദി അറേബ്യയിൽ കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. അസുഖ ബാധിതയായ നഴ്സ് സൗദിയിലെ അസീർ നാഷണൽ ആശുപത്രിയിൽ ചികിത്സയിലാണ്. വൈറസ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് സൗദിയിലെ അൽ ഹയാത് ആശുപത്രിയിൽ ജോലി ചെയ്യുന്ന കേരളത്തിൽ നിന്നുള്ള ഈ നഴ്സ്.
മലയാളികൾ ഉൾപ്പടെ നൂറോളം നഴ്സുമാരെ പരിശോധനയ്ക്കു വിധേയമാക്കിയതിൽ ഒരാൾക്കു മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയിൽ സ്ഥിരീകരിച്ച കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 17 പേരാണ് മരിച്ചത്. കോറോണ ഭീതിയെ തുടർന്ന് കേരളം ഉൾപ്പടെ രാജ്യത്തെ ഏഴു വിമാനത്താവളങ്ങളിൽ കർശന പരിശോധന ഏർപ്പെടുത്തിയിരുന്നു. 43 വിമാനങ്ങളിൽ എത്തിയ 9000 യാത്രക്കാരെയാണു പ്രത്യേക പരിശോധനയ്ക്കു വിധേയരാക്കിയത്.