15 December, 2019 11:39:10 PM


നെഹ്രു - ഗാന്ധി കുടുംബങ്ങള്‍ക്ക് എതിരെ അപകീർത്തികരമായ പരാമർശം; നടി കസ്റ്റഡിയിൽ



കോട്ട: നെഹ്റു- ഗാന്ധി കുടുംബങ്ങൾക്കെതിരെ സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയ ബോളിവുഡ് നടിയും മോഡലുമായ പായൽ റോഹത്ഗിയെ രാജസ്ഥാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. അഹമ്മദാബാദിലെ വീട്ടിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി ബുന്ദി പൊലീസാണ് നടിയെ കസ്റ്റഡിയിലെടുത്തത്.


മോത്തിലാൽ നെഹ്റു, ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി എന്നിവർക്കെതിരെയും നെഹ്റു-ഗാന്ധി കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കെതിരെയുമാണ് പായൽ അപകീർത്തികരമായ പരാമർശം നടത്തിയത്. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഇവർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. അതേസമയം അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണത്തിനായി ഇവരെ ബുന്ദിയിലെത്തിക്കുമെന്ന് എസ്പി മമത ഗുപ്ത പറഞ്ഞു. നടി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും എസ് പി വ്യക്തമാക്കി.


ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയിലൂടെ സെപ്തംബർ 6, 21 തീയതികളിലാണ് ഇവർ അപകീർത്തികരമായ പോസ്റ്റിട്ടത്. രാജസ്ഥാൻ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ചർമേഷ് ശർമയാണ് പരാതി നൽകിയത്. മോത്തിലാൽ നെഹ്രുവിനെ കുറിച്ച് വീഡിയോ തയ്യാറാക്കിയതിന് തന്നെ അറസ്റ്റ് ചെയ്യാൻ രാജസ്ഥാൻ മുഖ്യമന്ത്രിക്കുമേൽ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സമ്മർദം ചെലുത്തിയതായി പായൽ ആരോപിച്ചു. ഇതിൽ ഇരുവരും മാപ്പ് പറയണമെന്നും പായൽ വ്യക്തമാക്കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K