28 November, 2019 12:39:09 PM
പുരുഷരോഗികളെ ഉഴിയാന്‍ വനിതകള്‍; തെറാപ്പിസ്റ്റായി പാചകക്കാരനും ശുചീകരണതൊഴിലാളിയും
കോട്ടയം: സംസ്ഥാനത്തെ സർക്കാർ ആയുർവേദ ആശുപത്രികളിൽ പുരുഷരോഗികൾക്ക് ഉഴിച്ചിൽ ചികിത്സ നടത്തുന്നത് വനിത തെറപ്പിസ്റ്റുകൾ. ആവശ്യത്തിനു പുരുഷ തെറപ്പിസ്റ്റുകൾ ഇല്ലാത്തതിനാലാണ് താൽക്കാലിക ജീവനക്കാരായ വനിത തെറപ്പിസ്റ്റുകളെ ഈ ജോലി ചെയ്യാൻ നിർബന്ധിക്കുന്നത്. ആൺരോഗികളിൽ പുരുഷ തെറപ്പിസ്റ്റും സ്ത്രീരോഗികളിൽ വനിത തെറപ്പിസ്റ്റും ഉഴിച്ചിൽ നടത്തണമെന്നാണ് നിയമം. ഇതുകാറ്റിൽ പറത്തിയാണ് അധികൃതരുടെ നടപടി.
വനിതകളാണ് ഉഴിച്ചിൽ നടത്തുന്നതെന്നറിഞ്ഞ് 'സുഖചികിത്സ'ക്ക് വരുന്നവരുടെ ശല്യം വേറെ. ഇതുമൂലം വലിയ മാനസിക സമ്മർദത്തിലാണെന്ന് സർക്കാർ ആശുപത്രികളിലെ വനിത തെറപ്പിസ്റ്റുകൾ പറയുന്നു. കിടത്തിച്ചികിത്സയുള്ള 130 ആശുപത്രികളാണ് സംസ്ഥാനത്തുള്ളത്. 10 കിടക്കക്ക് രണ്ടു തെറപ്പിസ്റ്റുകൾ എന്ന കണക്കിൽ 603 തെറപ്പിസ്റ്റ് തസ്തികകളാണ് വേണ്ടത്. എന്നാൽ, അനുവദിക്കപ്പെട്ടിട്ടുള്ളത് 77 സ്ഥിരം തസ്തികകൾ, നിയമനം ലഭിച്ചത് 55 പേർക്ക് മാത്രവും. ഇതിൽ 21 പേർ പുരുഷന്മാരും 34 പേർ സ്ത്രീകളുമാണ്.
നിലവിൽ താൽക്കാലിക തെറപ്പിസ്റ്റുകളെ നിയമിച്ചാണ് പല ആശുപത്രികളും പ്രവർത്തിക്കുന്നത്. തെറപ്പിസ്റ്റുകളില്ലാത്ത ചിലയിടങ്ങളിൽ പാചകക്കാരനും ശുചീകരണ തൊഴിലാളിയുംവരെ ഉഴിച്ചിൽ നടത്തുന്നുണ്ട്. കണ്ടുപരിചയമാണ് ഇവരുടെ യോഗ്യത. പത്താം ക്ലാസിനുശേഷം സർക്കാർ ആയുർവേദ കോളജിൽനിന്ന് ഒരുവർഷത്തെ തെറപ്പിസ്റ്റ് കോഴ്സ് പാസായ തെറപ്പിസ്റ്റുകളെ പുറത്തിരുത്തിയാണ് ഇവരെക്കൊണ്ട് ചികിത്സ നടത്തിക്കുന്നത്. രോഗികളുടെബാഹുല്യം കണക്കിലെടുത്ത് തെറപ്പിസ്റ്റുകളെ നിയമിക്കണമെന്ന് കോട്ടയം, എറണാകുളം ജില്ലകളിലെയടക്കം ആയുർവേദ ഡി.എം.ഒമാർ സർക്കാറിനോട് അഭ്യർഥിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല.
എറണാകുളം ജില്ലയിൽ 14 ആയുർവേദ ആശുപത്രികളാണുള്ളത്. 310 കിടക്കകളും. എന്നാൽ, ആകെ അനുവദിച്ചിട്ടുള്ളത് ആറു തെറപ്പിസ്റ്റുകളെയാണ്. തെറപ്പിസ്റ്റ് തസ്തിക ഇല്ലാത്ത ആശുപത്രികളാണ് ജില്ലയിൽ ഏറെയും. കോട്ടയത്ത് 50 കിടക്കകളുള്ള ജില്ല ആയുർവേദ ആശുപത്രിയിൽ രണ്ട് െതറപ്പിസ്റ്റുകൾ മാത്രമാണുള്ളത്. മുപ്പതും ഇരുപതും കിടക്കകളുള്ള മറ്റ് ആശുപത്രികളിൽ ഒരു തസ്തികപോലുമില്ല. ഫണ്ട് അപര്യാപ്തതയാണ് തസ്തിക സൃഷ്ടിക്കുന്നതിനും നിയമനം നടത്തുന്നതിനും തടസ്സമായി പറയുന്നത്.
(കടപ്പാട് - മാധ്യമം)