19 November, 2019 06:04:32 PM
മൂലകോശം, പൊക്കിൾക്കൊടി രക്തം ഉപയോഗിച്ച് ചികിത്സ; ആരോഗ്യമേഖലയിൽ വലിയ മാറ്റം വരും
കോട്ടയം: മൂലകോശം, പൊക്കിൾക്കൊടി രക്തം (കോർഡ് ബ്ലഡ്) എന്നിവ ഉപയോഗിച്ചുള്ള ചികിത്സകൾ ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾക്കു വഴിതെളിക്കുമെന്ന് കൊൽക്കത്ത സ്‌കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിനിലെ ഡിപ്പാർട്ട്മെന്റ് ഓഫ് റീജെനറേറ്റ് മെഡിസിൻ ആൻഡ് ട്രാൻസ്ലേഷണൽ സയൻസ് മേധാവി ഡോ. നിരജ്ഞൻ ഭട്ടാചാര്യ പറഞ്ഞു.
മഹാത്മാഗാന്ധി സർവകലാശാലയിൽ നടന്ന ജ്ഞാനപ്രഭാഷണ പരമ്പര പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലുക്കീമിയ, വിവിധ ജനിതക രോഗങ്ങൾ എന്നിവ ഭേദമാക്കാൻ പൊക്കിൾക്കൊടിയിൽനിന്നുള്ള രക്തം ഉപയോഗിച്ചുള്ള ചികിത്സയ്ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കോർഡ് ബ്ലഡ് ശേഖരണത്തെക്കുറിച്ച് വിവരിച്ചു.
'എറുഡേറ്റ് ചെയർ' പദവി നൽകി ഡോ. നിരജ്ഞൻ ഭട്ടാചാര്യയെ വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ആദരിച്ചു. പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.ടി അരവിന്ദകുമാർ, ഐ.യു.സി.സി.എൻ. ഡയറക്ടർ പ്രൊഫ. നന്ദകുമാർ കളരിക്കൽ, സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് ഡയറക്ടർ പ്രൊഫ. റോബിനറ്റ് ജേക്കബ് എന്നിവർ പ്രസംഗിച്ചു. ബയോമെഡിക്കൽ രംഗത്ത് പാലിക്കേണ്ട നീതിശാസ്ത്രത്തെക്കുറിച്ച് പ്രൊഫ. സംയുക്ത ഭട്ടാചാര്യ ക്ലാസെടുത്തു.