05 November, 2019 02:46:38 PM


സ്‌കൂള്‍ പരിസരത്തും ക്യാന്‍റീനിലും ജങ്ക് ഫുഡിന് നിരോധനം; പരസ്യവും പതിപ്പിക്കരുത്




ദില്ലി: സ്‌കൂള്‍ പരിസരത്തും ക്യാന്റീനുകളിലും പരിസരത്തും ജങ്ക് ഫുഡ് വില്‍പ്പനയ്ക്ക് നിരോധനമേര്‍പ്പെടുത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റിയുടെ ഉത്തരവ്. വിദ്യാലയത്തിന് 50 മീറ്റര്‍ ചുറ്റളവിലാണ് നിരോധനമുള്ളത്. ഡിസംബര്‍ ഒന്ന് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ നിയന്ത്രിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് 2019 പ്രകാരമാണ് ഉത്തരവ്.


കായികമേളകളിലും ഇത്തരം ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കാനോ പരസ്യം ചെയ്യാനോ സാമ്പിളുകള്‍ നല്‍കാനോ പാടില്ല. ഇത്തരത്തിലുള്ളവരുടെ പരസ്യങ്ങള്‍ വിദ്യാലയങ്ങളില്‍ പ്രദര്‍ശിപ്പിക്കരുത്. വര്‍ദ്ധിച്ച അളവില്‍ കൊഴുപ്പ്, മധുരം, ഉപ്പ് എന്നിവ അടങ്ങിയിരിക്കുന്ന പാക്കറ്റിലടച്ച ഭക്ഷണസാധനങ്ങള്‍ സ്‌കൂള്‍ കാന്റീനിലോ സ്‌കൂള്‍ കാമ്പസിന് 50 മീറ്റര്‍ ചുറ്റളവിലോ ഹോസ്റ്റല്‍, സ്‌കൂള്‍ മെസ്സ് എന്നിവിടങ്ങളിലോ വില്‍പ്പന നടത്താനോ വിതരണം നടത്താനോ പാടില്ലെന്നും പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K