04 November, 2019 08:34:03 PM
പബ്ലിക്ക് പ്രോസിക്യൂട്ടർമാരെ രാഷ്ട്രീയക്കാർ നിയമിക്കുന്നത് നിർത്തലാക്കണം; സുപ്രീംകോടതിയിൽ ഹർജി
- അഡ്വ. ശ്രീജിത്ത് പെരുമന
ദില്ലി: കേരളത്തിലെ പബ്ലിക് പ്രോസിക്യൂട്ടർമാരെയും, അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർമാരെയും രാഷ്ട്രീയക്കാർ നിയമിക്കുന്നത് നിർത്തലാക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. പ്രോസിക്യൂഷന്‍റെ ഒത്തുകളിയും, രാഷ്ട്രീയ നിഷ്ക്രിയത്വവുമാണ് വാളയാർ കേസിൽ പ്രതികൾ രക്ഷപെടാൻ കാരണമായത് എന്ന ചർച്ചകൾ കൊടുംപിരി കൊണ്ടിരിക്കുന്ന സമയത്താണ് കേരളത്തിലെ പബ്ലിക്ക് പ്രോസിക്യൂട്ടർമാരുടെ രാഷ്ട്രീയ നിയമനം അവസാനിപ്പിക്കണമെന്നും, കഴിവോ, സീനിയോറിറ്റിയോ നോക്കിയല്ലാതെ ഉദ്യോഗസ്ഥരുടെയും, രാഷ്ട്രീയക്കാരുടെയും ഇഷ്ടക്കാരെ നിയമിക്കുന്നത് നിർത്തലാക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
കേരളത്തിലെ ഗ്രേഡ് രണ്ടിൽ ഉൾപ്പെട്ട റമീസ് ജബ്ബാർ, സുരേഷ് ചന്ദ്രൻ ദിലീപ്‌കുമാർ എന്നീ മൂന്നു അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്കൂട്ടർമാരാണ് ഹർജ്ജി നൽകിയത്. കേരളാ ഗവണ്മെന്‍റ് ലോ ഓഫീസേഴ്സ് അപോയ്ന്‍റ്മെന്‍റ് ആന്‍റ് കണ്ടീഷന്‍സ് ഓഫ് സര്‍വ്വീസ് ആന്‍റ് കണ്ടക്ട് ഓഫ് കേസസ് റൂള്‍സ് 1978 (1978 റൂള്‍സ്)ലെ 4, 8, 14, 15, 53, 69 എന്നീ റൂൾസ് ഭരണഘടനാ വിരുദ്ധമാണെന്നതിനാൽ റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. കേരളത്തിലെ പബ്ലിക്ക് പ്രോസികൂട്ടർമാരെ നിലവിൽ നിയമിക്കുന്ന സിആര്‍പിസിയിലെ 24 , 25 വകുപ്പുകൾ ഭരണഘടനയിലെ ആർട്ടിക്കിൾ 254 , 309 എന്നിവയുടെ ലംഘനമാണെന്നും ക്രിമിനൽ പ്രൊസീജ്യർ കോഡ് 24 വകുപ്പ് പ്രകാരമുള്ള നിയമനത്തിൽ സംസ്ഥാന / കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുമായി ചർച്ച ചെയ്ത് പബ്ലിക്ക് പ്രോസിക്കൂട്ടർമാരെ നിർദേശിക്കാമെന്നുള്ള നിലവിലുള്ള സാഹചര്യം കേരളത്തിൽ നിർത്തലാക്കണമെന്നും ഹർജ്ജിക്കാർ ആവശ്യപ്പെടുന്നു.
രാഷ്ട്രീയ സ്വാധീനമുള്ളവരുടെയും രാഷ്ട്രീയക്കാരുടെയും, ഉദ്യോഗസ്ഥരുടെയും ഇഷ്ടക്കാരെ പബ്ലിക്ക് പ്രോസിക്യൂട്ടർമാരായി നിയമിക്കുന്നത് അഴിമതിക്കും, സ്വജനപക്ഷപാതത്തിനും, സ്വാധീനത്തിനും കരണമാകുന്നുണ്ടെന്നും ഹർജിക്കാർ ചൂണ്ടികാണിക്കുന്നു. പബ്ലിക്ക് പ്രോസിക്യൂട്ടർമാരുടെ നിയമനം മെറിറ്റിന്‍റേയും, പ്രൊമോഷന്‍റേയും അടിസ്ഥാനത്തിൽ ആക്കണമെന്നും, പ്രോസികൂട്ടർമാർക്ക് വിദഗ്ധ പരിശീലനം നൽകാൻ പ്രോസിക്യൂഷൻ ട്രെയിനിങ് അക്കാദമി ആരംഭിക്കാൻ നിർദേശം നല്കണമെന്നും പ്രോസിക്കൂട്ടർമാരുടെ നിയമനത്തിൽ യാതൊരുവിധ രാഷ്ട്രീയ ഇടപെടലും ഇല്ല എന്നത് ഉറപ്പാക്കണമെന്നും ഹർജിക്കാർ വാദിക്കുന്നു.
ക്രിമിനൽ കേസുകളുടെ വിചാരണയും, അറസ്റ്റും, നടപടിക്രമങ്ങളും, പ്രോസികൂഷനെ സംബന്ധിച്ചുള്ള വിവരങ്ങളുമെല്ലാം നമ്മുടെ പൊതുസമൂഹം അറിഞ്ഞുവരുന്ന നവ മാധ്യമങ്ങളുടെ കാലമാണിത്. ഏതൊരു ക്രിമിനൽ കേസും സ്റ്റേറ്റിന് എതിരായാണ് സംഭവിക്കുന്നത് എന്നതിനാൽ സ്റ്റേറ്റാണ് ക്രിമിനൽ കേസുകളിൽ വാദി എന്നതും, പ്രോസികൂഷൻ എന്ന പേരിൽ ഗവണ്മെന്‍റ് ശമ്പളം നൽകുന്ന വക്കീലന്മാരാണ് കേസുകൾ വാദിക്കുന്നതെന്നും സമൂഹത്തിനു മനസ്സിലാക്കിക്കൊടുക്കാൻ ഇടയായ സംഭവമാണ് കേരളം ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വാളയാർ കേസ്. ഈ കേസിനെ സംബന്ധിച്ചും മറ്റ് കേസുകളെക്കുറിച്ചു സംസാരിക്കുമ്പോഴും എഴുതുമ്പോഴും ഇപ്പോഴും സൂചിപ്പിക്കാറുള്ളതാണ് ഈ പബ്ലിക്ക് പ്രോസിക്കൂട്ടർമാരുടെ പൊളിറ്റിക്കൽ നിയമനവും അതുമൂലം സംഭവിക്കുന്ന അഴിമതിയും, കേസുകൾ പരാജയപ്പെടുന്നതുമെല്ലാമാണ്.