04 November, 2019 11:30:38 AM


യുഎപിഎ അറസ്റ്റ് നിയമസഭയില്‍; പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി; റെയ്ഡിന്‍റെ ദൃശ്യം പുറത്ത്



തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി കോഴിക്കോട് പന്തീരാങ്കാവില്‍ രണ്ട് വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി അടിയന്തര പ്രമേയത്തിന് നോട്ടീസ്. മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സി.പി.എം പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തതില്‍ സി.പി.എമ്മിനുള്ളില്‍ തന്നെ അമര്‍ഷം പുകയുന്ന സാഹചര്യത്തില്‍ കൂടിയാണ് തിരുവഞ്ചൂരിന്‍റെ നീക്കം.


അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയും പന്തീരാങ്കാവിലെ യുഎപിഎ അറസ്റ്റും ഭരണകൂട ഭീകരതയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇക്കാര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം, അലനെയും താഹയേയും അറസ്റ്റു ചെയ്ത പോലീസ് നടപടിയെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, യുഎപിഎ ദുരുപയോഗം ചെയ്യാന്‍ പോലീസിനെ അനുവദിക്കില്ലെന്നും നിയമസഭയില്‍ മറുപടി നല്‍കി. താഹ ഫസലിന്‍റെ വീട്ടില്‍ നിന്ന് മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങള്‍ ലഭിച്ചു. അറസ്റ്റിലാകുമ്പോള്‍ താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചു. അലന്‍ ഷുഹൈബിന്‍റെ ബാഗില്‍ നിന്ന് ലഘുലേഖ കിട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.


യുഎപിഎ നിയമം ദുരുപയോഗം ചെയ്യുന്നത് ശരിയല്ല. യുഎപിഎ ചുമത്തിയ പോലീസ് നടപടിയില്‍ സര്‍ക്കാര്‍ വിശദമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ ലഘുലേഖ ഉള്ളതുകൊണ്ട് മാത്രം ഒരാള്‍ മാവോയിസ്റ്റ് ആകുന്നില്ലെന്ന് തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. കോടതിയുടെ പരിഗണനയിലുള്ള കേസ് പുനഃപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ പറയാന്‍ കഴിയുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു.


അതിനിടെ, താഹയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തുന്ന ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുക്കുന്നത് ദൃശ്യത്തിലുണ്ട്. 19 തെളിവുകള്‍ താഹയുടെ വീട്ടില്‍ നിന്ന് കിട്ടിയെന്നാണ് പോലീസ് പറയുന്നത്. പരിശോധന നടത്തുന്ന സമയത്ത് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യവും വിളിക്കുന്നതായി കേള്‍ക്കാം. ഈ സമയം ' മോനെ മിണ്ടാതിരിക്ക്' എന്ന് താഹയുടെ അമ്മ പറയുന്നതും കേള്‍ക്കാം. 'അവന്‍റെ വായ് അടച്ചുപിടിക്ക്' എന്ന് പോലീസ് പറയുന്നതും കേള്‍ക്കാം. എന്നാല്‍ അലന്‍റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത പുസ്തകങ്ങള്‍ സി.പി.എമ്മിന്‍റെ ഭരണഘടനയാണെന്നും അത് തങ്ങള്‍ വാങ്ങിവച്ചതാണെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി.


അവര്‍ തന്നെ പുസ്തകങ്ങള്‍ തിരിച്ചുവയ്പ്പിച്ചതോടെ പോലീസിനെതിരെ ആരോപണവുമായി താഹയുടെ മാതാവ് ജമീല രംഗത്തെത്തി. വീട്ടില്‍ നിന്ന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും തെളിവെടുപ്പിന് കൊണ്ടുവന്ന മകനെക്കൊണ്ട് പോലീസ് നിര്‍ബന്ധിച്ച് മുദ്രാവാക്യം വിളിപ്പിച്ചതാണെന്നും അവര്‍ പറഞ്ഞു. കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് മുദ്രാവാക്യം വിളിപ്പിച്ചത്. ഇത് അവര്‍ മൊബൈല്‍ വീഡിയോയില്‍ പകര്‍ത്തിയെന്നും അവര്‍ ആരോപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K