03 November, 2019 10:21:29 PM


രാത്രിയിലെ ഇറക്കം പഴയ കഥ; കോരുത്തോട്ടിൽ പട്ടാപകലും ഭീതി പരത്തി കാട്ടാന കൂട്ടം ജനവാസ കേന്ദ്രത്തിൽ

- നൗഷാദ് വെംബ്ലി



മുണ്ടക്കയം: രാത്രിയിലെ ഇറക്കം പഴയ കഥയാകുന്നു. കോരുത്തോട്ടിൽ പട്ടാപകൽ 14 ഓളം വരുന്ന കാട്ടാന കൂട്ടം ജനവാസ കേന്ദ്രത്തിൽ എത്തിയതോടെ കണ്ടക്കയം നിവാസികൾ ഭീതിയിൽ. ഒരു മാസത്തിനുള്ളില്‍ ഏഴു തവണ കാട്ടാനകൂട്ടം കണ്ടങ്കയത്ത് എത്തിയത് ഇരുളിന്‍റെ മറവിലാണങ്കിൽ ഞായറാഴ്ച പട്ടാപകൽ  അഞ്ചോളം കൊമ്പനുകളുടെ നേതൃത്വത്തിൽ പതിനാലോളം കാട്ടാനകളാണ്  കോരുത്തോട്, കണ്ടങ്കയം ഭാഗത്ത് എത്തിയത്.


അഴുതയാർ നീന്തിയെത്തിയ കാട്ടാന കൂട്ടത്തെ ജനവാസ കേന്ദ്രത്തിലേക്ക് കയറ്റാതിരിക്കാൻ വനപാലകരും കർഷകരും  നിലയുറപ്പിച്ചു. പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും പ്രതിരോധത്തിനൊരുങ്ങിയെങ്കിലും കൊമ്പനും മക്കളും ആദ്യം പിൻതിരിയാൻ തയ്യാറായില്ല. ദീർഘ നേരത്തെ ശ്രമത്തിനൊടുവിലാണ് ഇവ വനത്തിലേക്ക് പോകാൻ തയ്യാറായത്. അഴതയാറിന്‍റെ വശത്തിലൂടെ നീന്തി കളിച്ചും ഇടയ്ക്കു ഭീതി സൃഷ്ടിച്ചു ചിന്നം വിളിച്ചും നീങ്ങിയ ആന കൂട്ടത്തെ  കാണാൻ നിരവധി പേർ എത്തിയിരുന്നു.
     
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ എട്ടുതവണ കണ്ടങ്കയം ഭാഗത്ത് കാട്ടാന കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു. ഇരുളിലെ ഭീതി പകലും വിട്ടൊഴിയാതെയായിരിക്കുകയാണ് വനാതിർത്തി ഗ്രാമങ്ങൾ. കഴിഞ്ഞ രണ്ട് മാസങ്ങളായി രാത്രി കാലങ്ങളിൽ ജനവാസ മേഖലയിൽ എത്തുന്ന കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത് നിത്യ സംഭവങ്ങൾ ആയി മാറി. പ്രദേശത്ത് സുരക്ഷാ നടപടികൾ സ്വീകരിക്കണം എന്ന ആവശ്യം ഉയർന്നതോടെ വനം വകുപ്പിന്‍റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ തുടർ നടപടികൾ ഇതുവരെയുണ്ടായിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K