30 October, 2019 11:01:13 PM
സ്വന്തം ജീവന്‍ നോക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈഫുദ്ദീന് മെഡി. സര്‍വീസസ് കോര്‍പറേഷനില്‍ ജോലി
തിരുവനന്തപുരം: ആലപ്പുഴ ചമ്പക്കുളത്ത് വച്ച് 108 ആംബുലന്‍സില്‍ തീപിടുത്തമുണ്ടായ അവസരത്തില്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ നിര്‍വഹിച്ച സേവനം പരിഗണിച്ച് ആലപ്പുഴ പുന്നപ്ര കിഴവന തയ്യില്‍ എസ്. സൈഫുദ്ദീന് സ്ഥിര നിയമനം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതിനായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ ക്വാളിറ്റി അസിസ്റ്റന്റ് (നഴ്‌സിംഗ്) - കെംപ് എന്ന തസ്തിക സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഇത്തരം രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ സമൂഹത്തിന് മാതൃകയാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
2018 സെപ്റ്റംബര്‍ 5ന് ആയിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അത്യാസന്ന നിലയില്‍ ചമ്പക്കുളം ആശുപത്രിയിലെത്തിച്ച രോഗിയെ വിദഗ്ധ ചികില്‍സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനായിട്ടാണ് 108 ആംബുലന്‍സ് എത്തിയത്. രോഗിക്ക് ഓക്‌സിജന്‍ നല്‍കുന്നതിനിടെയാണു തീപിടുത്തം ഉണ്ടായത്. ഇതു കണ്ട് ഈ ആംബുലന്‍സിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായ സൈഫുദ്ദീന്‍ സ്വയം ഓടി രക്ഷപ്പെടുകയല്ല ചെയ്തത്. മറിച്ച് സ്വന്തം ജീവന്‍പോലും പണയം വച്ച് ആ രോഗിയെ ആംബുലന്‍സില്‍ നിന്നും സുരക്ഷിതമായി ഇറക്കുകയായിരുന്നു. നിമിഷനേരം കൊണ്ട് ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആംബുലന്‍സ് പൂര്‍ണമായി കത്തിയമര്‍ന്നു. രോഗിയെ മറ്റൊരു വാഹനത്തില്‍ കയറ്റി മെഡിക്കല്‍ കോളേജിലേക്ക് അയച്ചെങ്കിലും സൈഫുദ്ദീന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൈഫുദ്ദീനെ ആരോഗ്യ വകുപ്പ് മന്ത്രി ആശുപത്രിയിലെത്തി കാണുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. സൈഫുദ്ദീന്റെ ധീര സേവനം മാധ്യമങ്ങളും വാര്‍ത്തയാക്കിയിരുന്നു. അപകടത്തില്‍ സൈഫുദ്ദീന്റെ കൈയ്ക്കും മുഖത്തും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. 26 ദിവസത്തിലധികം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അതിന് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിരുന്നു. ധീര രക്ഷാ പ്രവര്‍ത്തനത്തിന് അംഗീകാരമായി സൈഫുദ്ദീനെ ആരോഗ്യ വകുപ്പ് പ്രത്യേക ചടങ്ങില്‍ അനുമോദിക്കുകയും ചെയ്തു.
ജീവിക്കാന്‍ വളരെയേറെ ബുദ്ധിമുട്ടുന്ന ബി.എസ്.സി. നഴ്‌സിംഗ് ബിരുദധാരിയായ തനിക്ക് ഇക്കാര്യം പരിഗണിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ നഴ്‌സിംഗ് തസ്തികയില്‍ സ്ഥിരനിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. സൈഫുദ്ദീന്റെ ആവശ്യം സര്‍ക്കാര്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനെ അറിയിച്ചു. ഇക്കാര്യം കേര്‍പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം പരിശോധിക്കുകയും പുതിയ തസ്തിക സൃഷ്ടിച്ച് നിയമിക്കുന്ന കാര്യം പരിഗണിക്കുന്നതിന് പ്രൊപ്പോസല്‍ നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് പുതിയ തസ്തിക സൃഷ്ടിച്ചും നിയമനം നല്‍കിയും ഉത്തരവ് പുറപ്പെടുവിച്ചത്.
മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സൈഫുദ്ദീനെ ഫോണില്‍ വിളിച്ച് നിയമന ഉത്തരവ് അറിയിച്ചു. ജീവിക്കാന്‍ വളരെയേറെ പാടുപെടുന്ന തനിക്ക് ഈയൊരു ജോലി വലിയ അനുഗ്രഹമാണെന്നും ഇതിന് മന്ത്രിയെ നന്ദി അറിയിക്കുകയും ചെയ്തു. അച്ഛന്‍ മരണപ്പെട്ടു. അമ്മ ഒരുപാട് കഷ്ടപ്പെട്ടാണ് തന്നെ വളര്‍ത്തിയത്. സ്വന്തമായി വീടില്ല. വാടക വീട്ടിലാണ് കഴിയുന്നത്. ഭാര്യ ഫാത്തിമ, യു.കെ.ജി.യിലും അങ്കണ വാടിയിലും പഠിക്കുന്ന രണ്ട് കുട്ടികള്‍. സഹലുദ്ദീനും സല്‍മാനും.