29 October, 2019 08:14:12 PM


കെഎസ്‌ആര്‍ടിസി ബസുകള്‍ സ്വകാര്യഹോട്ടലുകള്‍ക്ക് മുന്നില്‍ നിര്‍ത്താന്‍ പാടില്ലെന്ന നിര്‍ദ്ദേശം കര്‍ശനമാക്കുന്നു



കോഴിക്കോട്: ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കെഎസ്‌ആര്‍ടിസി ബസുകള്‍ ഭക്ഷണം കഴിക്കാനായി സ്വകാര്യ ഹോട്ടലുകള്‍ക്ക് മുന്നില്‍ നിര്‍ത്തുന്ന പതിവ് ഒഴിവാക്കണമെന്ന നിര്‍ദേശം കര്‍ശനമാക്കുന്നു. ദീര്‍ഘദൂര ബസുകള്‍ സ്വകാര്യ ഹോട്ടലുകള്‍ക്കു മുന്നില്‍ നിര്‍ത്തുകയും യാത്രക്കാരില്‍ നിന്നു ഹോട്ടല്‍ ഉടമകള്‍ അമിത ചാര്‍ജ് ഈടാക്കുകയും ചെയ്യുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നേരത്തെ ഉണ്ടായിരുന്ന ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന്

വടക്കന്‍ മേഖലാ എക്സിക്യൂട്ടിവ് ഡയറക്ടര്‍ സി.വി.രാജേന്ദ്രന്‍ കൈരളി വാര്‍ത്തയോട് പറഞ്ഞു.


ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്ന ബസുകളിലെ ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ അവര്‍ക്ക് താല്‍പര്യമുള്ള ചില പ്രത്യേക ഹോട്ടലുകള്‍ക്ക് മുന്നില്‍ മാത്രം നിര്‍ത്തുന്നതാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ചില സമയങ്ങളില്‍ ഭക്ഷണ സമയവും അതിക്രമിച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരിക്കും ഈ ഹോട്ടലുകള്‍ക്ക് മുന്നില്‍ ബസ് എത്തുന്നത്. ഇത്രയും സമയം രോഗികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ വിശന്നിരിക്കേണ്ട അവസ്ഥയുമുണ്ടാകുന്നു. ഒരു ഹോട്ടലിന് മുന്നില്‍ ഒരേ സമയം ഒന്നിലധികം ബസുകള്‍ എത്തുമ്പോള്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്ന ആഹാരത്തിന്‍റെ ഗുണത്തിലും അളവിലും കുറവുണ്ടാകുന്നു. യാത്രക്കാരെ പിഴിഞ്ഞ് കൊണ്ട് ബസ് ജീവനക്കാര്‍ക്ക് സുഭിക്ഷമായ ആഹാരം സൌജന്യമായി ലഭ്യമാക്കുന്നു എന്നതാണ് ഇത്തരം ഹോട്ടലുകളില്‍ കണ്ടുവരുന്നതെന്നും ആരോപണമുയര്‍ന്നിരുന്നു.



യാത്രക്കാരോടൊപ്പം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റുകളില്‍ കാന്‍റീന്‍ എടുത്തിട്ടുള്ളവരും പരാതി പറഞ്ഞു തുടങ്ങിയതോടെയാണ് അധികൃതര്‍ പഴയ ഉത്തരവ് പൊടി തട്ടിയെടുത്തത്. ബസുകള്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡുകളിലോ ഇന്ത്യന്‍ കോഫി ഹൗസുകളിലോ കെടിഡിസി പോലുള്ള സര്‍ക്കാരിതര അംഗീകൃത ഹോട്ടലുകളിലോ മാത്രമേ നിര്‍ത്താന്‍ പാടുള്ളുവെന്നാണ് തിങ്കളാഴ്ച ഇറങ്ങിയ സര്‍ക്കുലറില്‍ പറയുന്നത്. ഭക്ഷണത്തിനായി ബസ് നിര്‍ത്തുമ്പോള്‍ യാത്രക്കാരോട് 'ഭക്ഷണം കഴിക്കാനുള്ള സമയമാണ്, എത്രയും വേഗം ഭക്ഷണം കഴിച്ച്‌ എല്ലാവരും തിരികെ യാത്ര ചെയ്ത ബസില്‍ തന്നെ തെറ്റാതെ എത്തിച്ചേരണം' എന്ന് ബസ് ജീവനക്കാര്‍ നിര്‍ബന്ധമായും പറഞ്ഞിരിക്കണം എന്നും നിര്‍ദേശമുണ്ട്. എല്ലാ യാത്രക്കാരും തിരികെ ബസില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നു ബസ് ജീവനക്കാര്‍ ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K