27 October, 2019 11:48:35 AM
ക്യാര്‍ ചുഴലിക്കാറ്റ് അതിതീവ്രമായി ഒമാന്‍ തീരത്തേയ്ക്ക്: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത
മുംബൈ: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിതീവ്ര ചുഴലിയായി മാറുന്നു. ക്യാര്‍ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നുവെന്നാണ് മുന്നറിയിപ്പ്. മഹാരാഷ്ട്ര തീരത്തോട് ചേര്‍ന്ന് രൂപപ്പെട്ട ക്യാര്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ചതിനാല്‍ മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാര്‍ ചുഴലിക്കാറ്റ് കേരളത്തിന് ഭീഷണിയാകില്ലെന്നാണ് മുന്നറിയിപ്പ്.
എന്നാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മഹാരാഷ്‌രടയില്‍ നാളെ വരെ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതേസമയം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒക്‌ടോബര്‍ 29 ന് കിഴക്കന്‍-മധ്യ അറബിക്കടലിലും ഒക്‌ടോബര്‍ 28 മുതല്‍ 31 വഛെര പടിഞ്ഞാറന്‍ മധ്യ അറബിക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദേശം.