23 October, 2019 10:11:20 AM
സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു; ഫ്രാങ്കോ മുളയ്ക്കലിനെതിരേ വീണ്ടും ഇരയാക്കപ്പെട്ട കന്യാസ്ത്രീ
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരേ ബലാത്സംഗക്കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീ വീണ്ടും. ബിഷപ്പ് ഫ്രാങ്കോ അനുയായികളെ വെച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ ഭീഷണിപ്പെടുത്തുകയും യൂട്യൂബ് ചാനല്‍ ഉണ്ടാക്കി അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായി ദേശീയ, സംസ്ഥാന വനിതാകമ്മീഷനുകളിലാണ് കന്യസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. നേരത്തേ കന്യാസ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുന്നു, ഭീഷണിപ്പെടുത്തി തുടങ്ങി എട്ടിലധികം കേസുകള്‍ ഫ്രാങ്കോയ്ക്ക് എതിരേ പോലീസ് എടുത്തിട്ടുണ്ട്. ഈ കേസുകളില്‍ ഒന്നില്‍ പോലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ അന്വേഷണം മന്ദഗതിയിലാണെന്നും ആരോപിച്ചിട്ടുണ്ട്.
എർത്തയിൽ അച്ചന്‍റെ കേസുൾപ്പെടെ ഒരു കേസിലും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഫ്രാങ്കോ കേസ് വന്നതിന് ശേഷം ഫ്രാങ്കോയുടെ തന്നെ നേതൃത്വത്തിൽ ആരംഭിച്ച യുട്യൂബ് ചാനലാണ് ക്രിസ്റ്റ്യൻ ടൈംസ്. ഈ ചാനലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിൽ വീണ്ടും ഇരയെ സമൂഹ മധ്യത്തിൽ തിരിച്ചറിയുന്നതിനിടയാക്കുന്ന തരത്തിലും അപകീർത്തിപ്പെടുത്തുന്ന വിധത്തിലും വീഡിയോകൾ ഇറക്കുന്നതിൽ മനം നൊന്താണ് പരാതി നല്കിയിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോകള്‍ സൃഷ്ടിച്ചു അപമാനിക്കുകയും അനുയായികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും കേസില്‍ നിന്നും പിന്തിരിപ്പിക്കാനും സ്വാധീനിക്കാനും ശ്രമിക്കുകയും ചെയ്ത് മാനസികമായി തകര്‍ക്കുന്നതിനാല്‍ നടപടി എടുക്കണമെന്നാണ് ആവശ്യം. ഫ്രാങ്കോയ്‌ക്കെതിരേ പരാതി നല്‍കിയ കാലം മുതല്‍ ഭീഷണിപ്പെടുത്തലും അപമാനിക്കാനും സ്വാധീനിക്കാനുമുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പരാതിയിലുണ്ട്.
അനുബന്ധ കേസുകളിലെ പ്രതികൾ നടത്തുന്ന നിർത്താത്ത ആക്ഷേപം പരാതിക്കാരിയെ മാനസികമായി തകർക്കുന്നതിനും സമൂഹമധ്യത്തിൽ ഒറ്റപ്പെടുത്തുന്നതിനുമുള്ള ആസൂത്രിതമായ ശ്രമമാണ്. ഇതിനെതിരെ നിയമ നടപടികൾ ഊർജിതപ്പെടുത്തണമെന്ന് എസ്ഓഎസ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.