21 October, 2019 08:35:46 PM
കെ എസ് യുവിന്‍റെ എംജി യൂണിവേഴ്‌സിറ്റി മാര്‍ച്ചിനു നേരെ പോലീസ് ലാത്തിചാര്‍ജ്; 6 പേര്‍ക്ക് പരിക്ക്
കോട്ടയം: മന്ത്രി കെ ടി ജലീല്‍ രാജിവയ്ക്കണമെന്നും എംജി സര്‍വ്വകലാശാലാ വൈസ് ചാന്‍സലറെയും സിന്‍ഡിക്കറ്റിനെയും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ യൂണിവേഴ്‌സിറ്റി മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രകടനമായെത്തിയ പ്രവര്‍ത്തകരെ യൂണിവേഴ്‌സിറ്റി കവാടത്തില്‍ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. അതിരമ്പുഴയില്‍ നിന്നും ജാഥയായി എത്തിയ അംഗങ്ങള്‍ യോഗം ഉദ്ഘാടനത്തിന് ശേഷം യൂണിവേഴ്‌സിറ്റി കാമ്പസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് തടഞ്ഞത്. പ്രവര്‍ത്തകര്‍ അക്രമാസക്തരായതോടെ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ എറിഞ്ഞു. തുടര്‍ന്ന് മൂന്ന് റൗണ്ട് ഗ്രനേഡ് പ്രയോഗിച്ചു.
ഡിവൈഎസ്പി ആര്‍. ശ്രീകുമാര്‍, ഈസ്റ്റ് സി ഐ നിര്‍മ്മല്‍ ബോസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കെ എസ് യു നേതാക്കള്‍ കുറ്റപ്പെടുത്തി. അടിയേറ്റു തറയില്‍വീണ പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലി. പോലീസ് മര്‍ദ്ദനത്തില്‍ 6 പ്രവര്‍ത്തകര്‍ക്ക് സാരമായി പരുക്കേറ്റു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സുബിന്‍ മാത്യു, ജോബി ചെമ്മല, അനൂപ് ഇട്ടന്‍ എന്നിവര്‍ക്കും യദു സി നായര്‍, ഫാദില്‍ ഷാജി, ജിത്തു ജോസ് ഏബ്രഹാം, അക്ഷയ് ജി നായര്‍ എന്നിവര്‍ും പരുക്കേറ്റു. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ ഗാന്ധി നഗര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പരുക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ പോലീസ് തയ്യാറായില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവരെ സ്റ്റേഷനില്‍ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയതെന്നും പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.
കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് അധ്യക്ഷത വഹിച്ച യോഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജലീല്‍ എന്ന കാട്ടുകള്ളന്‍ പുറത്തുപോകും വരെ സമരം ശക്തമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, എന്‍ എസ് യു ഐ അഖിലേന്ത്യാ സെക്രട്ടറി നാഗേഷ് കരിയപ്പ എന്നിവര്‍ മാര്‍ച്ചിനെ അഭിവാദ്യം ചെയ്തു. പരുക്കേറ്റ പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ചാണ്ടി, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് തിടങ്ങിയവര്‍ സന്ദര്‍ശിച്ചു