21 October, 2019 05:47:06 PM


പാലായിൽ ജൂനിയർ അത്‍ലറ്റിക് മീറ്റിൽ ഹാമർ തലയിൽ വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു



കോട്ടയം: പാലായിലെ ജൂനിയർ അത്‍ലറ്റിക് മീറ്റിൽ ഹാമർ ത്രോ മത്സരത്തിനിടെ ഹാമർ തലയിൽ വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് കുരിഞ്ഞംകുളത്ത് അഫീൽ ജോൺസണാണ് മരിച്ചത്. അത്‍ലറ്റിക് മീറ്റിലെ വളണ്ടിയറായിരുന്നു അഫീൽ ജോൺസൺ. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഒക്ടോബർ നാലിനാണ് അത്‍ലറ്റിക് മീറ്റിനിടെ അഫീലിന്‍റെ തലയിൽ ഹാമർ വീണത്.


പാല സെന്‍റ് തോമസ് ഹയർ സെക്കൻ‍റി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു അഫീൽ. ജൂനിയർ അത്‍ലറ്റിക് മീറ്റിന്‍റെ ആദ്യദിനത്തിൽ ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ നടക്കുന്നതിനിടെ ഗ്രൗണ്ടിൽ വീണ ജാവലിനുകൾ എടുത്ത് മാറ്റാൻ നിന്ന അഫീൽ ജോൺസന്‍റെ തലയിലേക്ക് എതിർദിശയിൽ നിന്ന് ഹാമർ വന്ന് വീണു. ഭാരമേറിയ ഇരുമ്പ് ഗോളം പതിച്ച് അഫീലിന്‍റെ തലയോട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. 


കഴിഞ്ഞ 15 ദിവസമായി കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അഫീൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. സംസ്ഥാന കായിക വകുപ്പിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ചികിത്സാ കാര്യങ്ങൾ. വിദഗ്ധരായ ഡോക്ടർമാരുടെ പാനലടക്കം ചികിത്സക്കായി രൂപീകരിച്ചിരുന്നു. കഴി‍ഞ്ഞ ഏതാനും ദിവസങ്ങളായി അഫീലിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K