16 October, 2019 12:14:30 AM
ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സിന്‍റെ തേനി കോടാങ്കിപെട്ടിയിലെ ഫാക്ടറിയിൽ അഗ്നിബാധ: അഞ്ചു കോടി നഷ്ടം
തേനി: കറിപൗഡര്‍ നിര്‍മാണ കമ്പനിയായ ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സിന്‍ തമിഴ്നാട് തേനി കോടാങ്കിപെട്ടിയിലെ ഫാക്ടറിക്കു തീ പിടിച്ചതിനെത്തുടര്‍ന്ന് അഞ്ചു കോടിയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ ആളപായമുണ്ടായില്ല. വൈദ്യുതി സര്‍ക്യൂട്ട് മൂലമാണു തീപിടിത്തം ഉണ്ടായത്. തിങ്കളാഴ്ച രാവിലെ ഫാക്ടറിയിലെ ജീവനക്കാര്‍ ജോലിക്കെത്തിയപ്പോളാണു തീ ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ തീ നിയന്ത്രിക്കാന്‍ കഴിയാത്ത വിധം ആളി പടര്‍ന്നു.
ഫാക്ടറി സാമഗ്രികള്‍ മുഴുവനും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. തീയുടെ തീവ്രത വര്‍ധിച്ചതോടെ അഗ്‌നി ശമനസേനയുടെ എട്ടു വാഹനങ്ങള്‍ എത്തി. നാല് വാഹനങ്ങള്‍ മധുര ജില്ലയില്‍നിന്നും മൂന്നെണ്ണം ദിണ്ടുക്കല്‍ ജില്ലയില്‍നിന്നും കൊണ്ടുവന്നു കൂടാതെ ലോറിയിലും മറ്റുവാഹനങ്ങളിലും ജലം കൊണ്ടുവന്നെങ്കിലും തീ അണക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് അടുത്തുള്ള മഞ്ഞള്‍ ഗോഡൗണിനും തീപിടിച്ചെങ്കിലും തീ നിയന്ത്രണ വിധേയമാക്കി.