14 October, 2019 03:41:02 PM
'ജോളിയോ? ഹേയ് അവളെ അറിയുകയേയില്ല!' : സഹപാഠികളും പരിചയക്കാരും കൈമലര്‍ത്തുന്നു
പാലാ: കൂടത്തായി കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം സംഘം ജോളി കോളേജ് വിദ്യാഭ്യാസം നടത്തിയ നെടുങ്കണ്ടം എം. ഇ. എസ് കോളേജിലേയ്ക്ക്. ഇന്ന് രാവിലെ കട്ടപ്പനയിൽ എത്തി ജോളിയുടെ പിതാവിന്‍റെയും സഹോദരങ്ങളുടെയും മൊഴിയെടുത്തിരുന്നു. ശേഷം അഞ്ചംഗ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രണ്ടായി തിരിഞ്ഞ് ഒരു സംഘം കട്ടപ്പന പാറക്കടവിൽ ജോത്സ്യൻ കൃഷ്ണ കുമാറിന്‍റെ വീട്ടിലേയ്ക്കും മറ്റൊരു സംഘം നെടുങ്കണ്ടം എം. ഇ. എസ് കോളേജിലേയ്ക്കും പോകുകയായിരുന്നു.
ജോളി നെടുങ്കണ്ടത്തെ കോളേജിലാണ് ആദ്യം പഠിക്കാനെത്തിയത്. ഇവിടെ നിന്നും ഇടയ്ക്ക് പഠനം നിർത്തി പാലായിലെ കോളേജിലേയ്ക്ക് മാറാനുണ്ടായ കാരണം എന്തായിരുന്നു. അവിടെയെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം നടത്തുക. കൂടത്തായി കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് രാജകുമാരിയിലെ ജോളിയുടെ സഹോദരി ഭർത്താവ്, കട്ടപ്പനയിൽ പിതാവും സഹോദരങ്ങളും, കട്ടപ്പനയിലെ ജോത്സ്യൻ കൃഷ്ണകുമാർ, നെടുങ്കണ്ടത്തെ കോളേജ് എന്നിവിടങ്ങളിലാണ് രണ്ടു ദിവസങ്ങളിലായി സംഘം അന്വേഷണം നടത്തുന്നത്.
ഇതിനിടെ പാലായില്‍ ജോളിയോടൊപ്പം കോളേജില്‍ പഠിച്ചവരില്‍ പലരും അവരെ അറിയില്ലെന്ന നിലപാട് സ്വീകരിച്ചതായാണ് അറിയുന്നത്. അറിയും എന്ന് പറഞ്ഞാല്‍ 'പുലിവാല്' പിടിക്കേണ്ടിവരുമെന്ന ധാരണയാണ് ഇവരെ ഇത്തരത്തില്‍ ഉത്തരം നല്‍കുവാന്‍ പ്രേരിപ്പിക്കുന്നതത്രേ. മാത്രമല്ല ജോളിയുമായി പരിചയം ഉണ്ടായിരുന്നു എന്ന് പുറംലോകം അറിഞ്ഞാല്‍ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ അത് മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെടുമോ എന്നും ഇവര്‍ ഭയപ്പെടുന്നു.