13 October, 2019 02:57:50 PM
കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച 11 പേർ അറസ്റ്റിൽ
തിരുവനന്തപുരം: കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച 11 പേർ അറസ്റ്റിലായി. ഓപ്പറേഷൻ പി ഹണ്ട് - 3 യുടെ ഭാഗമായാണ് അറസ്റ്റ്. ഇന്റർപോളും കേരള പോലീസും ചേർന്ന് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. വാട്സ് ആപ്പ്, ടെലഗ്രാം എന്നിവയിലൂടെയാണ് കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചത്.
അറസ്റ്റിലായവരിൽ നിന്ന് ലാപ്ടോപ്പും മൊബൈലുകളും ഉൾപ്പെടെ 28 ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇന്ന് രാവിലെ 8 മണി മുതൽ 10 വരെ നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്. ആലംബം, അധോലോകം, നീലക്കുറിഞ്ഞി എന്നീ ഗ്രൂപ്പുകൾ വഴിയാണ് കുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു.
എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നതു തടയുന്നതിനായാണ് സൈബര്‍ഡോം ഓപ്പറേഷൻ പി ഹണ്ട് ആരംഭിച്ചത്. ഓപ്പറേഷന്റെ ഭാഗമായി ഈ വർഷം ആദ്യം നടന്ന റെയ്ഡിലും 12 പേർ പിടിയിലായിരുന്നു. സംസ്ഥാന വ്യാപകമായി 'ഓപ്പറേഷന് പി ഹണ്ടി'ന്റെ പരിശോധന തുടരുകയാണ്.