08 October, 2019 11:00:19 PM


വനം വന്യജീവി സംരക്ഷണത്തില്‍ കേരളത്തിന്റെത് കാര്യക്ഷമവും ശ്രദ്ധേയവുമായ പ്രവര്‍ത്തനങ്ങൾ - ഗവര്‍ണര്‍




തിരുവനന്തപുരം: വനം വന്യജീവി സംരക്ഷണത്തില്‍ കാര്യക്ഷമവും ശ്രദ്ധേയവുമായ പ്രവര്‍ത്തനങ്ങളാണ് കേരളം കാഴ്ചവെക്കുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍. സംസ്ഥാനത്തിന്റെ ഏതാണ്ട് 29 ശതമാനത്തോളം വനമായി സൂക്ഷിക്കുന്നതിലും നാട്ടാനകളുടെ പരിപാലനത്തിലും തീര സമുദ്ര ജൈവ വൈവിധ്യങ്ങളുടേയും കാവുകളുടേയും സംരക്ഷണത്തിലും  വനംവകുപ്പ് നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് വനം വകുപ്പ് ആസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തില്‍ സംസ്ഥാന വന്യജീവി വാരാഘോഷ സമാപനസമ്മേളനം ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.



കടുവാ സംരക്ഷണ പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമതയുടെ ഫലമാണ്  കടുവകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവില്‍ പെരിയാര്‍ കടുവാ സങ്കേതത്തിന്റെ നേട്ടമെന്ന് ഗവർണർ പറഞ്ഞു. കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിലും നഗരങ്ങളില്‍ മിയാവാക്കി ഫോറസ്റ്റുകള്‍ നിര്‍മ്മിക്കുന്നതിലും ആനകളുടെ പുനരധിവാസത്തിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനം കാഴ്ചവെക്കുന്നത്. മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ വുകപ്പ് പ്രതിരോധ നിര്‍മ്മാണങ്ങള്‍ കാര്യക്ഷമായി നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ഘട്ടങ്ങളില്‍ ഊര്‍ജ്ജിതമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രകൃതി വിഭവങ്ങളെ കുറിച്ചും അവ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും സ്‌കൂള്‍തലം തൊട്ട് വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുന്നത് ഫലപ്രദമാണ്. വന്യജീവി വാരാഘോഷം പോലെയുള്ള ഓരോ പരിപാടികളുടെയും ലക്ഷ്യം പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കലാകണമെന്നും അത് വര്‍ഷം മുഴുവന്‍ നിലനിര്‍ത്താനാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


വന്യജീവി ആക്രമണം തടയുന്നതിനും വനത്തിനുള്ളില്‍ വന്യജീവികളുടെ സ്വൈരജീവിതം ഉറപ്പുവരുത്തുന്നതിനുമായി ഒട്ടേറെ പ്രതിരോധ പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുകയാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു അറിയിച്ചു. പൂര്‍ണമായും വനാവകാശ നിയമങ്ങള്‍ സംരക്ഷിച്ചു കൊണ്ടാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഭൂമി വിട്ടു നല്‍കാന്‍ തയ്യാറുള്ളവരുടെ ഭൂമി ഏറ്റെടുത്തു വനമായി സംരക്ഷിക്കുന്നതിനുള്ള നടപടികളും തുടങ്ങി കഴിഞ്ഞു.  വനം സംരക്ഷിക്കേണ്ടത് വന്യജീവികള്‍ക്കു വേണ്ടി മാത്രമല്ല നമ്മുടെയും സ്വച്ഛമായ ജീവനും നിലനില്‍പ്പിനുമാണെന്നും നാം മനസ്സിലാക്കണം. കേവലം വാരാചരണങ്ങളിലൊതുങ്ങാതെ വനവും വന്യജീവികളെയും സംരക്ഷിക്കുന്നതിന് നാം മുന്‍കൈയെടുത്താലേ പ്രകൃതിയുടെ സംതുലാനവസ്ഥ നിലനിര്‍ത്താനാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 

ചടങ്ങില്‍ അരണ്യം പ്രത്യേക പതിപ്പിന്റെ പ്രകാശനവും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി അവാര്‍ഡ് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വിവിധ മത്സരവിജയകള്‍ക്കുള്ള പുരസ്‌കാരവിതരണം എന്നിവയും ഗവര്‍ണര്‍ നിര്‍വഹിച്ചു. 
മുഖ്യവനം മേധാവി
 പി കെ കേശവന്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍, പിസിസിഎഫ് 
ഡി.കെ.വർമ്മ എന്നിവർ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡ് നേടിയ ഫോട്ടോകളുടെയും മത്സരത്തില്‍ വിജയിച്ച വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളുടെയും പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K