07 October, 2019 07:58:50 PM
കൂടത്തായി കൊലപാതകം: സി പി എം ലോക്കല്‍ സെക്രട്ടറി മനോജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പിട്ട സി പി എം ലോക്കല്‍ സെക്രട്ടറി മനോജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ടുകള്‍. മനോജ് തെറ്റ് ചെയ്‌തെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് മനോജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതത്രേ. ശാസ്തമംഗലം ലോക്കല്‍ സെക്രട്ടറിയായിരുന്നു മനോജ്.
ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ മനോജ് ഒപ്പുവക്കുകയായിരുന്നു. പിന്നീട് ഇതെ കുറിച്ച് പൊലീസ് തന്നോട് ചോദിക്കുകയും ഇതിന് ശേഷം ജോളി തന്നെ സന്ദര്‍ശിച്ചപ്പോള്‍ എഗ്രിമെന്‍റില്‍ ഒപ്പുവെച്ച താന്‍ കുടുങ്ങിയല്ലോ എന്ന് ജോളിയോട് മനോജ് പറയുകയും ചെയ്തുവത്രേ. 2006 ലാണ് സിപിഎം ലോക്കല്‍ സെക്രട്ടറി മനോജ് ജോളിയെ പരിചയപ്പെടുന്നത്. സ്ഥലക്കച്ചവടക്കാര്യവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഇതിനായി മനോജിന് ഒരു ലക്ഷം രൂപ നല്‍കിയ ജോളി വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതുവരെ ആ ബന്ധം തുടര്‍ന്നുപോന്നുവെന്നാണ് റിപ്പോര്‍ട്ട്.
ജോളിയെ വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ സഹായിച്ചത് മുസ്ലിം ലീഗ് പ്രാദേശിക നേതാവാണെന്നും ഇതില്‍ സാക്ഷിയായി ഒപ്പുവച്ചത് സിപിഐഎം പ്രാദേശിക നേതാവാണെന്നും നേരത്തെ ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചിരുന്നു. ഒസ്യത്ത് തയ്യാറാക്കാന്‍ കൂട്ടുനിന്ന മുസ്ലിം ലീഗ് നേതാവിന് ജോളിയുമായും വീടുമായും ബന്ധമുണ്ടായിരുന്നു. ചില ഘട്ടത്തില്‍ ഇയാള്‍ക്ക് ജോളി സാമ്പത്തിക സഹായവും നല്‍കിയിരുന്നു. ഓമശ്ശേരി പഞ്ചായത്തില്‍ ഏറെ സ്വാധീനമുള്ള വ്യക്തിയാണ് പ്രാദേശിക മുസ്ലിം ലീഗ് നേതാവ്. സിപിഎം പ്രാദേശിക നേതാവ് ഒസ്യത്തില്‍ സാക്ഷിയായി ഒപ്പിട്ടു. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ ഇടപെടുകയും ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
അതേസമയം, ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ താന്‍ ഒപ്പിട്ടിട്ടിലെലന്ന് എന്‍ഐടി സെക്യൂരിറ്റി ജീവനക്കാരന്‍ മഹേഷ് വെളിപ്പെടുത്തി. തന്‍റെ പേരില്‍ മറ്റാരോ ആണ് വ്യാജ ഒപ്പ് ഇട്ടിരിക്കുന്നതെന്നും മഹേഷ് വെളിപ്പെടുത്തി. ജോളിയെ തനിക്ക് അറിയില്ലെന്നും, ജോളി എന്‍ഐടിയില്‍ എത്തിയതിനെ കുറിച്ച് അറിയില്ലെന്നും മഹേഷ് ആവര്‍ത്തിച്ചു.
നേരത്തെ ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ താന്‍ ഒപ്പിട്ടിരുന്നുവെന്ന് പൊലീസ് ചോദ്യം ചെയ്തപ്പോള്‍ മഹേഷ് പറഞ്ഞിരുന്നു. പൊലീസില്‍ തെറ്റായ മൊഴി നല്‍കിയതില്‍ ഖേദമുണ്ടെന്നും മഹേഷ് പറഞ്ഞു. എങ്ങനെ പൊലീസില്‍ മൊഴി നല്‍കണമെന്ന് മനോജ് പറഞ്ഞ് പഠിപ്പിച്ചിരുന്നുവെന്നും മഹേഷ് പറഞ്ഞു. മറ്റാരോ ആണ് തന്‍റെ പേരില്‍ ഒപ്പിട്ടതെന്നും പ്രശ്‌നമുണ്ടാകില്ലെന്ന് സിപിഐഎം ലോക്കല്‍ സെക്രട്ടറി മനോജ് ഉറപ്പ് നല്‍കിയതുകൊണ്ടാണ് പൊലീസില്‍ അത്തരത്തില്‍ മൊഴി നല്‍കിയതെന്നും മഹേഷ് പറയുന്നു.
ചോദ്യം ചെയ്യലിനിടെ കൊല്ലപ്പെട്ട ആദ്യഭര്‍ത്താവ് റോയിയെ കുറ്റക്കാരനാക്കാൻ ജോളി ശ്രമം നടത്തിയിരുന്നു. വ്യാജ ഒസ്യത്തിന് പിന്നിൽ റോയ് ആണെന്ന് ജോളി പറഞ്ഞു. വക്കീൽ പറഞ്ഞതനുസരിച്ചാണ് മൊഴി നൽകിയിരിക്കുന്നതെന്നാണ് സൂചന. എന്നാൽ വിഷയത്തിൽ റോയിക്ക് പങ്കില്ലെന്ന് പൊലീസിന് മനസ്സിലായി. ഒസ്യത്തിൽ ഒപ്പിട്ടവരുടെ മൊഴിയും തെളിവായി.