04 October, 2019 11:14:34 AM
അഭിഭാഷകരോട് 'കടക്കു പുറത്ത്': ഒഴിയാന്‍ ഒരു മണിക്കൂര്‍ പോലും തരില്ല; ക്ഷുഭിതനായി ജസ്റ്റിസ് അരുൺ മിശ്ര
ദില്ലി: മരടിലെ ഫ്ലാറ്റുകൾ ഒഴിയാൻ ഒരാഴ്ച കൂടി സമയം അനുവദിക്കണമെന്ന ഫ്ലാറ്റ് ഉടമകളുടെ വാദത്തിൽ ക്ഷുഭിതനായി ജസ്റ്റിസ് അരുൺ മിശ്ര. ഒരു മണിക്കൂർ പോലും സമയം നൽകില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം പരമാവധി ക്ഷമിച്ചെന്നും ഇനി വാദിച്ചാൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി. കോടതിക്ക് പുറത്തുപോകാൻ അഭിഭാഷകരോട് അരുൺ മിശ്ര അവശ്യപ്പെട്ടു. അതേസമയം തങ്ങള്‍ എങ്ങോട്ടു പോകുമെന്ന് ഫ്ലാറ്റ് ഉടമകള്‍ ചോദിച്ചു. വിധി ഭേദഗതി ചെയ്യാനാവില്ലെന്നായിരുന്നു കോടതിയുടെ മറുപടി.
ഇതിനിടെ ഒഴിയാത്ത 50 ഫ്ലാറ്റുകളുടെ ഉടമകളെ കണ്ടെത്താനായില്ല. ഇവര്‍ വിദേശത്താണെന്നാണ് നിഗമനം. ബന്ധപ്പെടാനായില്ലെന്നും അധികാരികൾ അറിയിച്ചു. ഈ ഫ്ലാറ്റുകൾ റവന്യൂ വകുപ്പ് നേരിട്ട് ഒഴിപ്പിക്കും. ഫ്ലാറ്റിലെ സാധനങ്ങൾ സൂക്ഷിക്കുമെന്നും അറിയിച്ചു. ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഫയലുകൾ എല്ലാം മരട് നഗരസഭയിൽ നിന്നു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. മരട് പഞ്ചായത്ത് ആയിരിക്കെ ഭരണസമിതി അംഗങ്ങളായിരുന്ന 2 പേരെ ചോദ്യം ചെയ്തു. ഫ്ലാറ്റ് ഉടമകളിൽ ചിലരുടെ മൊഴിയും രേഖപ്പെടുത്തി.