03 October, 2019 06:55:04 AM
ശബരിമല വിധി: തനിക്ക് വധഭീഷണി ഉണ്ടായിരുന്നതായി ജസ്റ്റിസ് ചന്ദ്രചൂഡ്
മുംബൈ: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ തനിക്ക് വധഭീഷണിയുണ്ടായിരുന്നുവെന്ന് കേസ് പരിഗണിച്ച സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. വിധിക്ക് പിന്നാലെ തനിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ ഹീനമായ അഭിപ്രായങ്ങളും ഭീഷണിയും ഉണ്ടായിരുന്നുവെന്നും ഈ സാഹചര്യത്തില്‍ അതൊന്നും വായിക്കരുതെന്ന് സുഹൃത്തുക്കളും തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരും പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.
മുംബൈയില്‍ സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചന്ദ്രചൂഡ്.
ശബരിമല കേസില്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമായി ശക്തമായ നിരീക്ഷണങ്ങള്‍ നടത്തിയ ജഡ്ജിയായിരുന്നു വിശ്വപ്രസിദ്ധ ഹാവഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ചന്ദ്രചൂഡ്. വിധിക്ക് ശേഷം എന്റെ ഓഫിസിലെ ജീവനക്കാര്‍ ചോദിച്ചു നിങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഉണ്ടോയെന്ന്. വാട്‌സാപ്പില്‍ മാത്രമെയുള്ളൂവെന്നും കുടുംബ, സുഹൃദ് ഗ്രൂപ്പുകളിലെ സന്ദേശങ്ങള്‍ മാത്രമേ വായിക്കാറുള്ളൂവെന്നും ഞാന്‍ മറുപടി പറഞ്ഞു.
നീചമായ സന്ദേശങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും ദയവായി അതൊന്നും വായിക്കരുതെന്നും ജീവനക്കാര്‍ എന്നോട് പറഞ്ഞു. സന്ദേശങ്ങളുടെ ഉള്ളടക്കം വളരെ ഭീതിപ്പെടുത്തുന്നതായിരുന്നു. ജഡ്ജിമാരുടെ സുരക്ഷയെകുറിച്ച് ആശങ്കയുണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് ഉറക്കം പോലും വന്നില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതായി ചന്ദ്രചൂഡ് വെളിപ്പെടുത്തി.
ശബരിമല യുവതീപ്രവേശന വിധിയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു.
സ്ത്രീകളെ അകറ്റിനിര്‍ത്തുന്ന സമ്പ്രദായം തൊട്ടുകൂടായ്മയ്ക്ക് തുല്യമാണ്. ആരാധന സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനല്‍കുന്ന അവരുടെ ഭരണഘടനാ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് അവിടെ നേരത്തെയുണ്ടായിരുന്ന നിയമം. എന്നാല്‍ വ്യക്തിപരമായ നിലപാടുകള്‍ക്കപ്പുറം ജഡ്ജിമാര്‍ എല്ലാ അഭിപ്രായങ്ങളും പരിഗണിച്ചുവേണം വിധി പുറപ്പെടുവിക്കാനെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
ശബരിമലയിലെ സ്ത്രീപ്രവേശന വിധിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സ്വീകരിച്ച വ്യത്യസ്ത നിലപാടിനെ താന്‍ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ അവകാശത്തെ സംബന്ധിച്ച വിഷയത്തില്‍ എങ്ങനെ ഒരു വനിത ജഡ്ജിക്ക് വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ കഴിയുമെന്ന് തന്നോട് ചോദിച്ചവരോട്, പുരുഷന്‍ ചിന്തിക്കുന്ന തരത്തില്‍ തന്നെ സ്ത്രീയും ചിന്തിക്കണമെന്ന കാഴ്ചപ്പാട് ശരിയല്ലെന്ന് അഭിപ്രായപ്പെട്ടതായും ജസ്റ്റിസ് ചന്ദ്രചൂഡ് അറിയിച്ചു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ അന്ന് സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് വിധി പുറപ്പെടുവിച്ച ഏക ജഡ്ജിയായിരുന്നു ഇന്ദുമല്‍ഹോത്ര