30 September, 2019 11:44:48 AM
പാലാരിവട്ടം പാലം നിര്‍മ്മിച്ച സമയത്ത് സൂരജ് കൊച്ചിയില്‍ 3 കോടിയുടെ സ്വത്ത് വാങ്ങി ; ഇതില്‍ 2 കോടി കള്ളപ്പണം
കൊച്ചി: പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള പുതിയ സത്യവാങ്മൂലവുമായി വിജിലന്‍സ്. പാലം നിര്‍മ്മാണ സമയത്ത് പൊതുമരാമത്ത് മുന്‍ ചീഫ് സെക്രട്ടറി ടി ഒ സൂരജ് മൂത്ത മകന്റെ പേരില്‍ 3.25 കോടിയുടെ സ്വത്ത് വാങ്ങിയതായും ഈ തുകയിലെ രണ്ടു കോടി കള്ളപ്പണമായിരുന്നു എന്നുമാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പുതിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സൂരജ് സമ്മതിച്ചതായും വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കേസില്‍ മുന്‍ മന്ത്രി ഇബ്രാഹീം കുഞ്ഞിനെതിരായി തെളിവുകള്‍ ശേഖരിച്ചു വരുന്നതെന്നും അന്വേഷണസംഘം. കേസില്‍ സൂരജ് ഉള്‍പ്പെടെയുള്ള നാലു ഉന്നതോദ്യോഗസ്ഥരുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് പുതുക്കിയ സത്യവാങ്മൂലം നല്‍കിയത്. 2012 ല്‍ സൂരജിന് ചുമതല ഉണ്ടായിരുന്ന കാലത്ത് പാലാരിവട്ടം പാലം നിര്‍മ്മാണം നടക്കുന്ന ഘട്ടത്തില്‍ സൂരജ് ഭൂമി വിലകൊടുത്തു വാങ്ങിയെന്നാണ് കണ്ടെത്തല്‍. മൂന്ന് കോടി 30 ലക്ഷം നല്‍കി മൂത്ത മകന്റെ പേരിലാണ് വസ്തു വാങ്ങിയത്. ഇതില്‍ രണ്ടു കോടി കള്ളപ്പണമായിരുന്നു എന്നാണ് പറയുന്നത്. ഈ രണ്ടുകോടി ഏതു ബാങ്കില്‍ നിന്നുമാണ് പിന്‍വലിച്ചതെന്നോ സാമ്പത്തീക ഇടപാടുകള്‍ സംബന്ധിച്ചതോ ആയ ഒരു രേഖയുമില്ല.
കണക്കില്‍ പെടാത്ത ഈ പണം നിര്‍മ്മാണം നടത്തിയ കമ്പനിക്ക് ഈസമയത്ത് നല്‍കിയ വിവാദമായ 8.25 കോടി അഡ്വാന്‍സ് തുകയില്‍ നിന്നും കിട്ടിയതാണെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് സത്യവാങ്മൂല ത്തില്‍ പറയുന്നു. ജയിലില്‍ വെച്ചു സൂരജ് പാലം പണിയുമായി ബന്ധപ്പെട്ട മൂന്‍ മന്ത്രി ഇബ്രാഹീം കുഞ്ഞിനെതിരേ ആവര്‍ത്തിച്ച് മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ മന്ത്രിക്കെതിരേ തെളിവുകള്‍ ശേഖരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്