06 September, 2019 01:33:50 AM


74-ാം വയസ്സില്‍ ഇരട്ടക്കുട്ടികള്‍: സഫലമായത് 54 വര്‍ഷത്തെ കാത്തിരിപ്പ്



ഹൈദരാബാദ് : അമ്മയാവുക എന്ന സ്വപ്നം സഫലമായ സന്തോഷത്തിലാണ് ഇപ്പോൾ മങ്കയമ്മ. വിവാഹം കഴിഞ്ഞ് 54 വർഷം കഴിഞ്ഞിട്ടും മക്കൾ ഇല്ലാതിരുന്ന ദുഃഖത്തിലായിരുന്നു മങ്കയമ്മയും ഭർത്താവും. സൗഭാഗ്യം വൈകി വന്നപ്പോഴാകട്ടെ ഇരട്ടിമധുരവും, 74ാം വയസ്സിൽ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായിരിക്കുകയാണ് മങ്കയമ്മ. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നിന്നാണ് ഈ സന്തോഷകരമായ വാർത്ത പുറത്തു വരുന്നത്.


ഐവിഎഫ് ചികിത്സയിലൂടെ ഗർഭം ധരിച്ച മങ്കയമ്മ അതുല്യ നഴ്സിങ് ഹോമിൽ വച്ചാണ് ഇരട്ടക്കുട്ടികൾക്കു ജൻമം നൽകിയത്. നാലു ഡോക്ടർമാർ അടങ്ങുന്ന സംഘം ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. അമ്മയും മക്കളും പൂർണ ആരോഗ്യത്തിലാണെന്ന് സംഘത്തിന് നേതൃത്വം നൽകിയ ഡോ.ഉമാശങ്കർ പറഞ്ഞു. ഇതോടെ ഏറ്റവും പ്രായം കൂടി പ്രസവിച്ച സ്ത്രീ എന്ന റെക്കോർഡിന് ഉടമയായിരിക്കുകയാണ് മങ്കയമ്മ എന്നും അദ്ദേഹം പറഞ്ഞു. മങ്കയമ്മയുടെ പ്രസവത്തെ വൈദ്യശാസ്ത്രത്തിലെ വിസ്മയമാണെന്നും അദ്ദേഹം പറയുന്നു.


അവസാനത്തെ ശ്രമം എന്ന നിലയ്ക്കാണ് കഴിഞ്ഞ വർഷം ഐവിഎഫ് ചികിത്സയ്ക്കായി ഇരുവരും നഴ്സിങ് ഹോമിലെത്തിയത്. ഒടുവിൽ ദൈവം തങ്ങളുടെ പ്രാർഥന കേട്ടു എന്നാണ് മങ്കയമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഐവിഎഫിന്റെ ആദ്യത്തെ ഘട്ടത്തിൽ തന്നെ മങ്കയമ്മ ഗർഭം ധരിച്ചുവെന്ന് ഉമാശങ്കർ പറയുന്നു. മംഗയമ്മയുടെ ആരോഗ്യനില നിരന്തരം നിരീക്ഷിക്കാൻ മൂന്നു ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിരുന്നു.


ഒമ്പതു മാസത്തോളം 10 ഡോക്ടർമാർ മങ്കയമ്മയുടെ ആരോഗ്യകാര്യങ്ങൾ നിരീക്ഷിച്ചിരുന്നുവെന്നും സ്കാൻ ചെയ്തപ്പോഴൊന്നും യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും ഡോക്ടർ പറഞ്ഞു. മുമ്പ് എഴുപതുകാരിയായ ജൽജീന്ദർ കൗർ ആയിരുന്നു ഏറ്റവും പ്രായം കൂടി പ്രസവിച്ചയാൾ. 2016ൽ ഐവിഎഫിലൂടെയാണ് ഹരിയാന സ്വദേശിയായ ജൽജീന്ദർ കുഞ്ഞിന് ജന്മം നൽകിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K