03 September, 2019 02:15:31 PM


മാനമില്ലാത്ത ബെഹ്റയാണ് മാനഷ്ടത്തിന് കേസ് കൊടുത്തത്; പരിഹസിച്ച് ​​കെ.മുരളീധരൻ




കണ്ണൂർ: മാനമില്ലാത്ത ബെഹ്റയാണ് മാനഷ്ടത്തിന് കേസ് കൊടുത്തതെന്ന് കെ.മുരളീധരൻ എം പിയുടെ പരിഹാസം. എവിടുന്നാണ് ഈ മക്കുണനെ പിണറായിക്ക് ഡി.ജി.പിയായി കിട്ടിയതെന്ന് മുരളീധരൻ ചോദിച്ചു. സകല സി.പി.എം നേതാക്കളുടെ മുന്നിലും നടുവളച്ച് നിൽക്കുന്നവനാണ് ബഹ്റയെന്നും മുല്ലപ്പള്ളിക്കെതിരെ മാത്രമല്ല തനിക്കെതിരെയും കേസെടുക്കട്ടെയെന്നും കെ.മുരളീധരൻ പറഞ്ഞു.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് ആദ്യം പറഞ്ഞത് താനാണ്. ആദ്യ പ്രളയകാലത്ത് ലഭിച്ച പണം അടിച്ച് മാറ്റിയത് കൊണ്ടാണ് രണ്ടാം പ്രളയകാലത്ത് സഹായം കുറഞ്ഞത്. അല്ലാതെ ജനങ്ങളുടെ സ്നേഹം കുറഞ്ഞത് കൊണ്ടല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. പി.എസ്.സി കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിലും ഭേദം കോടിയേരി അന്വേഷിക്കുന്നതാണ്.


യു.ഡി.എഫ് അധികാരത്തിലെത്തിയാൽ യൂണിവേഴ്സിറ്റി കോളേജ് ഇടിച്ച് നിരത്തി പൊതു സ്ഥലമാക്കും., അല്ലങ്കിൽ ചരിത്ര മ്യൂസിയമാക്കും. കോൺഗ്രസിനെ വഞ്ചിച്ച് ബി.ജെ.പിയിലെത്തിയ ആളെ ഗവർണറാക്കിയതിലൂടെ കേരളത്തിലും കടന്ന് കയറാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കണ്ണൂരിൽ യുഡിഎഫ് രാപ്പകൽ സമരം ഉദ്ഘാടനം ചെയ്ത്കൊണ്ട് കെ. മുരളീധരൻ എം.പി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K